മന്ത്രവാദം ചോദ്യം ചെയ്തതിന് രണ്ട് പേരെ കൊലപ്പെടുത്തി; ആറ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

By Web TeamFirst Published Nov 24, 2021, 12:05 PM IST
Highlights

ആക്രമണത്തില്‍ ക്രിസ്തുദാസ് സംഭവ സ്ഥലത്തും ആന്റണി ചികിത്സയിലിരിക്കെയുമാണ് മരിച്ചത്...

തിരുവനന്തപുരം: മന്ത്രവാദം (Witchcraf) ചെയ്യുന്നതിനെ ചോദ്യം ചെയ്ത രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം (Double Life Sentece). ആറ് പ്രതികൾക്കാണ് നെയ്യാറ്റിൻകര അഡീൽണൽ ജില്ലാ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. 50,000 രൂപ വീതം പിഴയും ഇവർ അടയ്ക്കണം. സെൽവരാജ് (44),  ജോൺ ഹസ്റ്റൺ (വിനോദ്–43), അലോഷ്യസ് (39), ആരോഗ്യദാസ് എന്ന വേണു (39), ജൂസാ ബി. ദാസ് (29), ബർണാർഡ് ജേക്കബ് (34) എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. 

2012 ഓക്‌ടോബര്‍ 27ാം തിയതി പുവാർ പുതിയ തുറയിലാണ് സംഭവം. ഒന്നാം പ്രതി സെല്‍വരാജ്, രണ്ടാം പ്രതി വിനോദ്, ആരോഗ്യദാസ്, നാലം പ്രതി അലോഷ്യസ്, ജുസാ.ബി.ദാസ്, ബര്‍ണാഡ് ജേക്കബ് എന്നിവരെ ശിക്ഷിച്ചത്. പത്ത് പ്രതികളുണ്ടായിരുന്നതില്‍ രണ്ട് പ്രതികള്‍ വിചാരണകാലയളവില്‍ മരണപ്പെട്ടു. രണ്ട് പേരെ വെറുതെ വിട്ടു. ജോസിന്റെ വല്യമ്മയായ മറിയയുടെ മകള്‍ സന്ധ്യ വീട്ടില്‍ മരണപ്പെട്ടതിനു മാസപൂജ പള്ളിയില്‍ നടന്നിരുന്നു. പൂജ നടക്കുന്ന സമയം അയല്‍വാസിയായ പ്രതി മേരി മറിയത്തിന്റെ വീടിന് ചുറ്റും  മന്ത്രവാദവും ആഭിചാരവും നടക്കുന്നത് ചോദ്യം ചെയ്തിലെ തര്‍ക്കാമാണ് സംഭവത്തിന്റെ തുടക്കം. 

ദുര്‍മന്ത്രവാദത്തിലെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഈ സംഭവത്തെ തുടര്‍ന്നാണ് കുടുംബങ്ങള്‍ തമ്മിൽ തര്‍ക്കമുണ്ടായത്. 2012 ഓക്‌ടോബര്‍ 27ാം തിയതി രാത്രി 9.45 ന് പള്ളിയിലെ ജപമാല റാലിയില്‍ പങ്കെടുത്ത്  ജോസും ക്രിസ്തുദാസും പുതിയതുറ ജംങ്ഷനില്‍ നിന്ന് ഗോതമ്പുവയല്‍ പോകുന്ന ഇടറോഡിലൂടെ നടക്കുമ്പോള്‍ മേരിയുടെ വീടിന് മുന്നില്‍ വച്ച് സംഘടിച്ച് നിന്ന പ്രതികള്‍ ഇവരെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തതോടെയാണ് കാറ്റാടി കമ്പുപയോഗിച്ച് ആക്രമവും കത്തിക്കുത്തുമുണ്ടായത്. 

സംഭവം നടക്കുന്നത് കണ്ട് അയല്‍വാസിയായ ആന്റണി ഓടിയെത്തി ക്രിസ്തുദാസിനെ കുത്തുന്നത് തടയാന്‍ ശ്രമിക്കുച്ചെങ്കിലും ക്രിസ്തുദാസിനെ സെല്‍വരാജ് കുത്തി കൊല്ലുകയായിരുന്നു. രണ്ടാം പ്രതി വിനോദ് ക്രിസ്തുദാസിനെ പിടിച്ച് വയ്ക്കുകയും സെൽവരാജ് കുത്തുകയുമായിരുന്നു. തുടര്‍ന്ന് ആന്റണിക്കും അടിവയറ്റില്‍ കുത്തേറ്റു. ആന്റണിക്കൊപ്പമുണ്ടായിരുന്ന ബ്രിജില്‍, ജോസ്, വര്‍ഗ്ഗീസ് വിന്‍സെന്റ്, തോമസ്, ആന്‍ഡ്രൂസ് എന്നിവരെയും അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.

ആക്രമണത്തില്‍ ക്രിസ്തുദാസ് സംഭവ സ്ഥലത്തും ആന്റണി ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ അന്ന് പ്രതികളെ പിടികൂടി. പ്രസിക്യൂഷന്‍ 20 സാക്ഷികളെയും 49 രേഖകളും 12 തൊണ്ടി വകകളും ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടര്‍ പാറശ്ശാല എ.അജിത്കുമാര്‍ കോടതിയില്‍ ഹാജരായി.

click me!