
കോഴിക്കോട്: കോഴിക്കോട്ടെ കൊടിയത്തൂരില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. അനുമതിയില്ലാതെയാണ് ക്വാറി പ്രവര്‍ത്തിച്ചതെന്നും മണ്ണെടുക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നതായും താമരശേരി തഹസില്‍ദാര്‍ പറഞ്ഞു.
രാവിലെ ഒമ്പത് മണിയോടെയാണ് ചെറുവാടി പഴംപറമ്പിലെ ചെങ്കല്‍ ക്വാറിയില്‍ അപകടമുണ്ടായത്. കല്ല് വെട്ടുന്നതിനിടെ കൂട്ടിയിട്ട മണ്‍കൂനയില്‍ നിന്ന് തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മലപ്പുറം ഓമാനൂർ സ്വദേശി വിനു, ചെറുവാടി സ്വദേശി പുൽപ്പറമ്പിൽ അബ്ദുൽ റഹ്മാൻ എന്നിവരാണ് മരിച്ചത്. തൊഴിലാളികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്.
പുല്‍പ്പറമ്പില്‍ അബ്ദുള്‍ സലാമിന്‍റെ ഉടമസ്ഥതയിലുളളതാണ് ക്വാറി. പത്തു വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെത്തുടര്‍ന്ന് സ്റ്റോപ് മെമോ നല്‍കിയിരുന്നതായി താമരശേരി തദസില്‍ദാര്‍ അറിയിച്ചു. പ്രദേശത്തെ അനധികൃത ഖനനത്തെക്കുറിച്ച് പരിശോധന നടത്തുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam