
ഇടുക്കി: കുമളിക്കടുത്ത് അട്ടപ്പളളത്തുള്ള ബീവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. കുമളി സ്പ്രിംഗ്‌വാലി സ്വദേശികളായ റോയി മാത്യു, ജിനു സെബാസ്റ്റ്യൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആക്രമിച്ച കഞ്ഞിക്കുഴി സ്വദേശി അമൽ ഓടി രക്ഷപ്പെട്ടു.
തലക്കും പുറത്തും വെട്ടേറ്റ റോയിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനു ശേഷം ഒന്നിച്ച് അട്ടപ്പളളത്തെത്തി ഇവർ മദ്യപിച്ചിരുന്നു. പിന്നീട് വീണ്ടും മദ്യം വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിയായ അമൽ മുൻപും പല ക്രിമിനൽ കേസുകളിലും പ്രതിയാണന്ന് പോലീസ് പറയുന്നു. ആക്രമണത്തിന് ശേഷം ഓടി രക്ഷപെട്ട അമലിനായി കുമളി പോലീസ് അന്വേഷണം ഊർജിതമാക്കി.
അതിനിടെ പാലക്കാട്ട് സഹോദരന്മാർ തമ്മിൽ മദ്യപിച്ച് തർക്കമുണ്ടായതിനെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിലായി. പൊള്ളാച്ചി കൊള്ളുപാളയം സ്വദേശി മണികണ്ഠനാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ പാലക്കാട് സൗത്ത് പൊലീസ് പിടികൂടിയത്. പൊള്ളാച്ചി കൊള്ളു പാളയം സ്വദേശി ദേവയാണ് സഹോദരനായ മണികണ്ഠന്റെ കുത്തേറ്റ് മരിച്ചത്. കൂട്ടുപാതയിൽ വെച്ച് ബുധനാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. മണികണ്ഠന്റെ ഭാര്യയുമായി സഹോദരന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് തർക്കമുണ്ടായത്. കൊലയ്ക്ക് ശേഷം മണികണ്ഠൻ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.