
കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെ അപകടകരമായ രീതിയിൽ യുവാക്കളുടെ കാർ യാത്ര. ഡോറുകളുടെ ഗ്ലാസുകൾ താഴ്ത്തി അതിൽ ഇരുന്നായിരുന്നു തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിൽ യുവാക്കൾ ചുരം കയറിയത്. അതിവേഗം സഞ്ചരിക്കുന്ന കാറിന്റെ സൺ റൂഫ് തുറന്ന് ഒരു യുവാവും യുവതിയും നിൽക്കുന്നുണ്ട്. അതേസമയം മറ്റൊരാൾ വലതു വശത്തെ കാർ വിൻഡോയിലൂടെ പുറത്തേക്ക് ചരിഞ്ഞും ഇരിക്കുന്നുണ്ട്. കെഎസ്ആർടിസി അടക്കമുള്ള ബസുകളും മറ്റ് വാഹനങ്ങളും വലതു വശത്തിരിക്കുന്ന യുവാവിന് സമീപത്തുകൂടി കടന്നുപോകുന്ന അപകടകരമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സംഭവത്തിൽ അപകടകരമായ നിലയിൽ കാറോടിച്ച ഡ്രൈവർക്ക് ഹൈവേ പൊലീസ് പിഴ ചുമത്തി. ലക്കിടയിൽ വെച്ചാണ് കാറിന് 1000 രൂപ പിഴയട്ടത്. താമരശ്ശേരി ഹൈവേ പൊലീസ് എസ് ഐ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിഴ ചുമത്തിയത്. യാത്രക്കാർ ചെന്നൈ സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു.
Read more: വയനാട്ടില്‍ കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി; ആറുമാസത്തേക്ക് ജില്ലയിലേക്ക് വിലക്ക്
അതേസമയം, വയനാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. ദേശീയപാത 766 ൽ നായ്ക്കട്ടി കല്ലൂരില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ബീനാച്ചി സ്വദേശി അൻസാദായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. മുത്തങ്ങ ഭാഗത്തു നിന്ന് - ബത്തേരി ഭാത്തേക്ക് പോകുന്നതിനിടെയാണ് അപകടം. തീ പടർന്നത് കണ്ട് ബൈക്ക് പാതയോരത്ത് നിറുത്തി മാറിയതിനാൽ അൻസാദ് പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
ജോലിസ്ഥലത്ത് നിന്ന് അന്‍സാദ് ബൈക്കുമായി വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെയായിരുന്നു വാഹനത്തില്‍ തീ പടര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. കല്ലൂര്‍ ടൗണ്‍ പിന്നിട്ട് വരുമ്പോള്‍ ബൈക്കിന്റെ എന്‍ജിന്‍ ഭാഗത്ത് നിന്ന് പുക ഉയര്‍ന്നതായും പെട്ടെന്ന് തന്നെ തീ ആളി ഇന്ധന ടാങ്കിനടിയിലും പിന്നിട് വാഹനത്തിലാകെയും വ്യാപിക്കുകയുമായിരുന്നു. ഇതിനിടെ വാഹനം പാതയോരത്തേക്ക് മാറ്റി അന്‍സാദ് ഓടി മാറുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബത്തേരിയില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് തീ അണച്ചത്. ബൈക്ക് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്.