വയനാട്ടില്‍ കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി; ആറുമാസത്തേക്ക് ജില്ലയിലേക്ക് വിലക്ക്

കല്‍പ്പറ്റ: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി. കേണിച്ചിറ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന പൂതാടി മുണ്ടക്കല്‍ വീട്ടില്‍ കണ്ണായി എന്ന എംജി നിഖില്‍ (32) നെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ച് ആറ് മാസത്തേക്ക് വയനാട് റവന്യൂ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തിയത്. 

നരഹത്യാ ശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ വിവിധ കേസുകളില്‍ പ്രതിയായ നിഖില്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിനും സമാധാനത്തിനും തടസം സ്യഷ്ടിക്കുന്ന വ്യക്തിയാണെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. 

ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആണ് ഉത്തരവിറക്കിയത്. ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ റിമാന്‍ഡ് ചെയ്യുന്നതടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല പോലീസ് മേധാവി അറിയിച്ചു.

Read more: പെട്ടിമുടി ദുരന്തം നടന്നിട്ട് മൂന്ന് വർഷം പിന്നിടുന്നു; ഉറപ്പുകള്‍ നടപ്പിലായില്ലെന്ന് ദുരന്തബാധിതർ

അതേസമയം, കൊല്ലംഇരവിപുരത്ത് വാഹനം ഓവര്‍ടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെയുണ്ടായ അക്രമക്കേസിലെ പ്രതികള്‍ അറസ്റ്റില്‍. പുന്തലത്താഴം താമരക്കുളം ജോനകപ്പുറം സ്വദേശികളായ സുമീര്‍ (28), സഞ്ജയ് സിറാജ് (30), ധനീഷ് (29), പുത്തന്‍വീട്ടില്‍ അന്‍ഷാദ് (30), ഇഷാഖ് (36), അനീസ് (36) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 

സിറാജിന്റെ സുഹൃത്തുക്കളുടെ കാര്‍, ഇഷാഖും അന്‍ഷാദും സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുയര്‍ന്നത്. പിന്നാലെ പ്രകോപിതരായ അന്‍ഷാദും സംഘവും സിറാജിന്റെ സുഹൃത്തുക്കളെ ആയുധങ്ങളുമായി അക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അക്രമത്തില്‍ മാരകമായി പരുക്കേറ്റ അന്‍ഷാദ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ പ്രതികളായ മറ്റുള്ളവര്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ഇരവിപുരം എസ്എച്ച്ഒയുടെ ചുമതല വഹിക്കുന്ന കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടര്‍ ജോസിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സക്കീര്‍ ഹുസൈന്‍, ഉണ്ണിക്കൃഷ്ണന്‍, എ.എസ്.ഐ നൗഷാദ്, സി.പി.ഒ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം