
കൊല്ലം: കൊല്ലത്തെ കോട്ടുക്കലിൽ വീടിനുള്ളിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് മദ്യം വിറ്റ രണ്ട് പേർ അറസ്റ്റിൽ. ചടയമംഗലം എക്സൈസാണ് പ്രതികളെ പിടികൂടിയത്.
തമ്പുരാൻ മുക്ക് സ്വദേശി വേണുവും ക്ലച്ച് തുളസി എന്ന തുളസീധരനുമാണ് പിടിയിലായത്. അനധികൃതമായി മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തിയതിനാണ് അറസ്റ്റ്. തുളസീധരനില്‍ നിന്ന് 14 കുപ്പി മദ്യവും വേണുവിന്റെ വീടിന്റെ കിടപ്പു മുറിയിലെ രഹസ്യ അറയ്ക്കുള്ളിൽ നിന്ന് 11 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമാണ് പിടികൂടിയത്.
ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങി സൂക്ഷിച്ച് ഒരു കുപ്പിക്ക് 100 രൂപ മുതൽ 200 രൂപ വരെ അധികമായി ഈടാക്കിയായിരുന്നു കച്ചവടം. ഒരു ദിവസം തന്നെ പല പ്രാവശ്യമായി ബീവറേജിൽ നിന്ന് വാങ്ങുന്ന മദ്യകുപ്പികൾ വീട്ടിലും പരിസരങ്ങളിലും ഒളിപ്പിച്ചു വെച്ചു അവധി ദിവസങ്ങളിൽ കച്ചവടം ചെയ്യുന്നതാണ് രീതി.
വേണുവിനെ മുൻപും ചടയമംഗലം എക്‌സൈസ് സംഘം സമാനമായ കേസിന് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ വിസ്താരം കോടതിയിൽ നടന്നു വരവേ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയാണ് വീണ്ടും മദ്യവിൽപ്പന തുടങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കൊല്ലത്ത് തെന്മലയില്‍ ഡ്രൈ ഡേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 105 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ പിടിയിലായി. റിയ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന 29 വയസുള്ള അച്ചുമോനാണ് അറസ്റ്റിലായത്. കടയും വീടും ഗോഡൗണാക്കിയായിരുന്നു അച്ചുമോന്‍റെ അനധികൃത മദ്യ വിൽപ്പന. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് അച്ചുമോന്റെ സ്റ്റേഷനറി കടയിൽ നിന്ന് 12 കുപ്പി മദ്യം പിടികൂടി. ചോദ്യംചെയ്തതിന് പിന്നാലെ വീട്ടിലെ പരിശോധനയിൽ കണ്ടെത്തിയത് 93 കുപ്പി മദ്യമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam