വിദേശ വനിതയെ ആക്രമിച്ച് ബാഗ് തട്ടിയെടുത്തു; 'കുട്ടികുറ്റവാളികളെ' 48 മണിക്കൂറിനുള്ളില്‍ പൊലീസ് പൊക്കി

By Web TeamFirst Published Jan 21, 2020, 5:31 PM IST
Highlights

മോഷ്ടിച്ച ബൈക്കിലെത്തിയ കുട്ടികല്‍ വിദേശ വനിതയുടെ ബാഗും മൊബൈലും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. ബാഗ് പിടിച്ചുവലിക്കുന്നതിനിടെ ഇവരുടെ തോളിനു മുറിവേറ്റു.

വര്‍ക്കല: പട്ടാപ്പകല്‍ വിനോദ സഞ്ചാരിയായ വിദേശ വനിതയെ ആക്രമിച്ച് ബാഗ് തട്ടിയെടുത്ത് മുങ്ങിയ വിദ്യാര്‍ത്ഥികളെ 48 മണിക്കൂറിനുള്ളില്‍ കയ്യോടെ പൊക്കി വര്‍ക്കല പൊലീസ്. പ്രതികളെ വേഗത്തില്‍ പിടകൂടിയ വര്‍ക്കല പൊലീസിനെ അഭിനന്ദിച്ച് വിദേശ വനിത. ശനിയാഴ്ച ഉച്ചക്ക് ഇംഗ്ലണ്ട് സ്വദേശിയായ ഡോ.സോഫിയ ഡാനോസ്(34), സൃഹൃത്ത് റെനേറ്റ ഹൊവാർട്ട്(33) എന്നിവർ വർക്കല മെയിൻ ബീച്ചിൽ നിന്നു നടന്നു വരവേ ക്ഷേത്രകുളം റോഡിന് സമീപത്ത് വച്ച് ആക്രമിക്കപ്പെട്ടത്.

16,17 വയസ്സുള്ളവരാണ് പിടിച്ചുപറി നടത്തിയത്. ഇവരെ വർക്കലയിലെ രണ്ടു സർക്കാർ സ്കൂളിൽ നിന്നു പുറത്താക്കിയതാണെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച ബൈക്കിലെത്തിയ കുട്ടികല്‍ വിദേശ വനിതയുടെ ബാഗും മൊബൈലും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. ബാഗ് പിടിച്ചുവലിക്കുന്നതിനിടെ ഇവരുടെ തോളിനു മുറിവേറ്റു. നിരീക്ഷണ ക്യാമറകളിൽ നിന്നു വാഹന നമ്പർ തിരിച്ചറിഞ്ഞ പൊലീസ് പ്രതികള്‍ക്കായി വല വീശി. 

ജില്ല വിട്ടു പുറത്തേക്ക് പോകാനായിരുന്നു പ്രതികളുടെ ശ്രമം. ഇതിനിടെ  ഇരുവരും വീട്ടുകാരെ ഫോണിൽ വിളിക്കുന്നതായി പൊലീസ് മനസ്സിലാക്കി. മോഷ്ടിച്ച സ്കൂട്ടറിൽ തന്നെ വർക്കലയിലേക്ക് മടങ്ങുന്നുവെന്നു മൊബൈല്‍ ടവര്‍ ലൊക്കേഷനിലൂടെ മനസ്സിലാക്കിയ പൊലീസ് നീണ്ടകര പാലത്തിന് സമീപത്ത് വച്ച് ഇരുവരെയും പിടികൂടിയത്. ബാഗിൽ നിന്ന് ആവശ്യത്തിന് പണം ലഭിച്ചിരുന്നുവെങ്കിൽ ബംഗളൂരു വരെ പോകാനായിരുന്നു പദ്ധതി. എന്നാൽ 400 രൂപയും ക്രെഡിറ്റ് കാർഡുകളും ഫോണും മാത്രമാണ് ബാഗിൽ ഉണ്ടായിരുന്നത്.

മൊബൈലിലെ സിം എടുത്തു കളഞ്ഞതായി പൊലീസ് പറഞ്ഞു. പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി. ഒട്ടേറെ കേസുകളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. വർക്കല ഇൻസ്പെക്ടർ ജി.ഗോപകുമാർ, എസ്ഐ ശ്യാം, പ്രൊബേഷനറി എസ്ഐ പ്രവീൺ, എഎസ്ഐമാരായ ജയപ്രസാദ്, ഷൈൻ, സിപിഒമാരായ അജീസ്, അൻസർ, കിരൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇരുവരെയും പിടികൂടിയത്

പ്രതികളെ വേഗത്തില്‍ പിടികൂടിയ കേരള പൊലീസിന് അഭിന്നദനവുമായി വിദേശ വനിത സ്റ്റേഷനിലെത്തി. ബാഗും മൊബൈലും രേഖകളും മോഷ്ടിച്ച് കുട്ടികള്ളന്‍മാരെ 48 മണിക്കൂറിനുള്ളില്‍ പിടികൂടിയ വര്‍ക്കല പൊലീസിനെ ഇംഗ്ലണ്ടുകാരി ഡോ. സോഫിയ ഡനോസ് അഭിനന്ദിച്ചു. പൊലീസിനെ അഭിനന്ദിച്ച് വി‍ഡിയോ സമൂഹമാധ്യമങ്ങളിലുടെ പുറത്തുവിട്ട അവര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേക്കും വാങ്ങി നല്‍കിയാണ് മടങ്ങിയത്. 

click me!