
കൊല്ലം: മരുത്തടിയിൽ ഉത്സവത്തിനിടെ ആൾക്കൂട്ട മർദ്ദനത്തിൽ പതിനെട്ടുകാരൻ കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ. ഒന്നാം പ്രതിയായ ശക്തികുളങ്ങര കന്നിമേൽ ചേരിയിൽ ഗുരുദേവ നഗർ-96 ൽ വിമൽരാജ് (48), രണ്ടാം പ്രതി കന്നിമേൽചേരി ഐശ്വര്യ നഗർ-118, വാറൂക്കാവിനു സമീപം പടന്നയിൽ കിഴക്കതിൽ വീട്ടിൽ സനിൽ കുമാർ (52) എന്നിവരെയാണ് ശക്തികുളങ്ങര പൊലീസ് പിടികൂടിയത്. മൂന്നാം പ്രതി മരുത്തടി കന്നിമേൽചേരി മരോട്ടിമൂട്ടിൽ സുനിൽകുമാർ (58). നാലാം പ്രതി മരുത്തടി സന്തോഷ് നിവാസിൽ രതീഷ് (51) എന്നിവർ കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായിരുന്നു. അഞ്ചാം പ്രതി ഷിബിനും പിടിയിലായതായി സൂചനയുണ്ട്.
കേസിലെ നാലും ആറും പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഒരാൾ സിപിഎം പ്രാദേശിക നേതാവാണെന്നാണ് സൂചന. അതേസമയം കൂടുതൽ പ്രതികളെ കേസിൽ ഉൾപ്പെടുത്തി കേസ് ദുർബലമാക്കാൻ ശ്രമം നടക്കുന്നതായാണ് ഉയരുന്ന ആരോപണം. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ മരുത്തടി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഉത്സവാഘോഷത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് പ്രതികൾ ഉൾപ്പെട്ട അക്രമി സംഘം ഹരികൃഷ്ണനെയും സഹോദരൻ ജയകൃഷ്ണനെയും ബന്ധുവായ രാജേഷിനെയും സംഘം ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു.
തലയ്ക്ക് അടിയേറ്റ് ഗുരുതരമായി പരുക്കേറ്റ ഹരികൃഷ്ണനെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലും തുടർന്ന് മേവറത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടൂർ മണക്കാല ഗവ. പോളിടെക്നിക് വിദ്യാർഥികളാണ് ഹരികൃഷ്ണനും ജയകൃഷ്ണനും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam