
കോഴിക്കോട്: ഇടുക്കി ജില്ലയിലെ പുഷ്പിത സസ്യങ്ങളെക്കുറിച്ചു പഠനം നടത്തിവരുന്ന കാലിക്കറ്റ് സർവകലാശാലാ ബോട്ടണി വിഭാഗം മേധാവി പ്രൊഫസർ സന്തോഷ് നമ്പി, ഗവേഷകൻ ഓച്ചിറ സ്വദേശി എസ് ശ്യാം രാധ് എന്നിവർ പുതിയ രണ്ട് സസ്യങ്ങളെ കണ്ടെത്തി. ദക്ഷിണ പശ്ചിമഘട്ട മേഖലയിലുൾപ്പെടുന്ന ഇടുക്കി ജില്ലയിലെ മതികെട്ടാൻ ചോല ദേശീയോദ്യാനത്തിൽ നിന്നാണ് പുതിയ ചെടികളെ കണ്ടെത്തിയത്.
കുരുമുളക്, വെറ്റില, തിപ്പലി എന്നിവയുൾപ്പെടുന്ന സസ്യകുടുംബത്തിലെ (പൈപ്പറേസിയെ) പെപ്പറോമിയ ജനുസ്സിലുൾപ്പെട്ടതാണ് ആദ്യത്തെ സസ്യം. ഇതിനു പെപ്പറോമിയ ഏകകേസര എന്നാണു പേരുനൽകിയിരിക്കുന്നത്. ഈ ജനുസിൽപ്പെട്ട മറ്റുചെടികളിൽ നിന്നും വ്യത്യസ്തമായി ഒരു കേസരം മാത്രമാണുള്ളത് എന്നതാണ് ഈ ചെടിയുടെ പ്രത്യേകത. ഈ സവിശേഷതയാണ് ഏകകേസര എന്ന പേരു കൊടുക്കുവാൻ കാരണം.
മലാസ്റ്റമറ്റസിയെ സസ്യകുടുംബത്തിൽപ്പെട്ട കായാമ്പൂവിൻറെ ജനുസ്സിലുൾപ്പെടുന്നതാണ് (മെമിസിലോൺ) രണ്ടാമത്തെ ചെടി. കേരളത്തിൽ ഈ ജനുസ്സിൽ കാണുന്ന മറ്റു ചെടികളിൽ നിന്നും വ്യത്യസ്തമായി വെള്ളനിറമുള്ള തണ്ടില്ലാത്ത മനോഹരമായ പൂങ്കുലകളാണ് ഈ ചെടിയിലേക്കു ഗവേഷകരുടെ ശ്രദ്ധയാകർഷിപ്പിച്ചത്. ഈ സസ്യത്തിന് മെമിസിലോൺ ഇടുക്കിയാനം എന്നാണ് പേരുകൊടുത്തിരിക്കുന്നത്. ആദ്യമായി കണ്ടെത്തിയത് ഇടുക്കി ജില്ലയിൽ നിന്നായതുകൊണ്ടാണ് ഇടുക്കിയാനം എന്ന പേരു നൽകിയിരിക്കുന്നത്.
പെപ്പറോമിയ ഏകകേസരയുടെ പഠനഫലം ന്യൂസിലൻഡിൽനിന്നും പ്രസിദ്ധീകരിക്കുന്ന സസ്യ വർഗ്ഗീകരണ ജേണലായ ഫൈടോടാക്സ്സയുടെ ആഗസ്റ്റ് ലക്കത്തിലും മെമിസിലോൺ ഇടുക്കിയാനത്തിനെക്കുറിച്ചുള്ളത് ഇംഗ്ലണ്ടിലെ റോയൽ ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ക്യൂ ബുള്ളറ്റിൻറെ പുതിയ ലക്കത്തിലും ഇടം നേടിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam