
കായംകുളം: നഗരത്തിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയ രണ്ടുപേർ പിടിയിൽ. കായംകുളം ഗവ.ബോയ്സ് ഹൈസ്കൂളിനു സമീപം സാധുപുരം ജ്വല്ലറിയുടെ ഭിത്തി തുരന്ന് 10 കിലോ വെള്ളി ആഭരണങ്ങളും സ്വർണ്ണാഭരണങ്ങളും മോഷണം നടത്തിയ തമിഴ്നാട് കടലൂർ സ്വദേശി കണ്ണൻ, കായംകുളം കൊറ്റുകുളങ്ങര സ്വദേശി ആടുകിളി എന്ന് വിളിക്കുന്ന നൗഷാദ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 10-ന് രാത്രിയിലാണ് ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം നടത്തിയത്. തമിഴ്നാട് സ്വദേശി കണ്ണൻ നിരവധി മോഷണക്കേസുകളിലും കൊലപാതകക്കേസിലും പ്രതിയാണ്. തിരുവനന്തപുരം കല്ലറയിൽ ജ്വല്ലറി മോഷണത്തിനിടെ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ചു കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു.
പരോളിൽ ഇറങ്ങിയ ശേഷമാണ് മോഷണം നടത്തിയത്. കായംകുളം സ്വദേശി നൗഷാദ് നിരവധി മോഷണക്കേസിൽ പ്രതിയാണ് ജയിലിൽ വെച്ച് കണ്ണനുമായി പരിചയപ്പെട്ടശേഷം മോഷണം പ്ലാൻ ചെയ്യുകയായിരുന്നു.. പ്രതികളെ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട് എന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam