
കൊച്ചി: പ്രായ വ്യത്യാസമില്ലാതെ സ്ത്രീകളും പുരുഷന്മാരും ഇന്ന് മൂക്കൂത്തി അണിയാൻ താൽപര്യം കാണിക്കാറുണ്ട്. ഫാഷൻ സ്റ്റേറ്റ്മെന്റായാണ് പലരും ഇന്ന് മൂക്കൂത്തിയെ കാണുന്നത്. എന്നാൽ മൂക്കൂത്തിയോളം അപകടകരമായ ആഭരണം വേറെയില്ലെന്ന് വ്യക്തമാക്കുന്നതാണ് കൊച്ചിയിൽ രണ്ടാഴ്ചയ്ക്കുള്ളിലുണ്ടായ സംഭവങ്ങൾ. കൊച്ചിയിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ മൂന്ന് സ്ത്രീകളുടെ ശ്വാസകോശത്തിൽ നിന്നാണ് മൂക്കുത്തിയുടെ ഭാഗങ്ങൾ കണ്ടെടുത്തത്. അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമനോളജി വിഭാഗത്തിലാണ് മൂന്ന് സ്ത്രീകളുടെ ശ്വാസകോശത്തിൽ നിന്ന് മൂക്കുത്തിയുടെ ആണി അടക്കമുള്ള ഭാഗങ്ങൾ നീക്കം ചെയ്തത്. മൂന്ന് സംഭവങ്ങളിലും മൂക്കൂത്തി ശ്വാസകോശത്തിൽ പോയത് സ്ത്രീകൾ അറിഞ്ഞിട്ട് പോലുമില്ല. മറ്റ് ചില പരിശോധനകളുടെ ഭാഗമായി എടുത്ത എക്സ്റേയിൽ നിന്നാണ് ശ്വാസകോശത്തിൽ അപര വസ്തുവുണ്ടെന്ന് മനസിലാക്കിയത്. രണ്ട് പേർ വിദേശ യാത്രയ്ക്കായി നടത്തിയ വിസാ പരിശോധനകളിലൂടെയാണ് ശ്വാസകോശത്തിലുള്ള അപര വസ്തു നീക്കം ചെയ്യാനായി കൊച്ചി അമൃത ആശുപത്രിയിലെത്തിയത്. മൂന്ന് സംഭവങ്ങളിലും സ്ത്രീകൾക്ക് പറയത്തക്ക ആരോഗ്യപ്രശ്നങ്ങൾ തോന്നിയിരുന്നുമില്ലെന്നാണ് ഇന്റർവെൻഷണൽ പൾമനോളജി വിഭാഗം മേധാവി ഡോ.ടിങ്കു ജോസഫ് വിശദമാക്കുന്നത്.
ചികിത്സയ്ക്കെത്തിയ ആദ്യ സ്ത്രീ 52 വയസുകാരിയാണ്. നാല് വർഷത്തിലേറെയായി വലത് ശ്വാസകോശത്തിൽ കുടുങ്ങിക്കിടന്നിരുന്ന സ്വർണം കൊണ്ടുള്ള മൂക്കൂത്തിയുടെ ഭാഗമാണ് ചികിത്സയ്ക്കിടെ നീക്കിയത്. രണ്ടാമത്തെ സ്ത്രീ 44 വയസുകാരികാരിയാണ്. വെള്ളി കൊണ്ടുള്ള മൂക്കുത്തിയുടെ ഭാഗമാണ് ഇവരുടെ വലത് ശ്വാസകോശത്തിൽ നിന്ന് നീക്കിയത്. ആറ് മാസമായി മൂക്കൂത്തിയുടെ ഭാഗം ശ്വാസകോശത്തിലുണ്ടെന്നാണ് പരിശോധനയിൽ വ്യക്തമായത്. മൂന്നാമത്തെ സംഭവത്തിൽ 31 വയസുകാരിയാണ് ചികിത്സ തേടിയത്. ഇവരുടെ ശ്വാസകോശത്തിൽ നിന്ന് നീക്കിയത് രണ്ട് വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുന്ന സ്വർണ മൂക്കുത്തിയുടെ ഭാഗമാണ്.
31 കാരിയുടെ ശ്വാസകോശത്തിന്റെ അടിവശത്തായി തറഞ്ഞു കിടക്കുന്ന നിലയിലായിരുന്നു സ്വർണ മൂക്കുത്തിയുടെ ആണി കിടന്നിരുന്നത്. രണ്ടു വർഷം മുൻപ് ഇത് നഷ്ടപ്പെട്ടെന്നായിരുന്നു ഇവർ കരുതിയത്. 44 കാരി ആറുമാസം മുൻപ് കാണാതെ പോയതായിരുന്നു ഇത്. മൂന്ന് സ്ത്രീകളിലും ചെറിയ ചുമയല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടിരുന്നില്ല. അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമനോളജി വിഭാഗം മേധാവി ഡോ.ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ ബ്രോങ്കോസ്കോപി രീതിയിൽ ട്യൂബുകൾ ശ്വാസകോശത്തിലേക്ക് കടത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൂക്കുത്തിയുടെ ഭാഗങ്ങൾ പുറത്തെടുത്തത്. ഇത് ആദ്യമായല്ല ഇത്തരം വസ്തുക്കൾ ശ്വാസകോശത്തിൽ നീക്കുന്നതെന്നും എന്നാൽ ഇത്രയധികം കേസുകൾ അടുത്തടുത്ത് വരുന്നത് ആദ്യമായാണെന്നുമാണ് ഡോ. ടിങ്കു ജോസഫ് വിശദമാക്കുന്നത്.
ഉറക്കത്തിലോ മറ്റോ അബദ്ധവശാൽ മൂക്കുത്തിയുടെ ഭാഗങ്ങൾ ശ്വാസകോശത്തിൽ എത്തിയിരിക്കാനാണ് സാധ്യത. എന്നാൽ ഇത് പലരും ശ്രദ്ധിക്കാറില്ല. നഷ്ടപ്പെട്ടെന്നു കരുതി വിട്ടുകളയുകയാണ് പതിവെന്ന് ഡോ. ടിങ്കു ജോസഫ് പ്രതികരിക്കുന്നത്. ബ്രോങ്കാസ്കോപ്പിയിലൂടെ നീക്കം ചെയ്യാൻ സാധിച്ചത് വലിയ കാര്യമാണ്. അല്ലാത്ത പക്ഷം ഇവ വലിയ രീതിയിലെ ശസ്ത്രക്രിയ മുഖേനയും, ശ്വാസകോശത്തിന്റെ ഭാഗം മുറിച്ചുമാറ്റൽ പോലുള്ള നടപടികൾ വേണ്ടിവന്നേക്കാമെന്നുമാണ് ഡോ. ടിങ്കു ജോസഫ് നൽകുന്ന മുന്നറിയിപ്പ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam