
കാസർകോട്: അപകടം ഏതു നിമിഷവും സംഭവിക്കാം. അപ്രതീക്ഷതമായി ഒരു മൂങ്ങ വരുത്തിവച്ച അപകടത്തിന്‍റെ വാർത്തയാണ് കാസർകോട് നിന്നും പുറത്തുവരുന്നത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ യാത്രക്കാരെ ഇറക്കി സ്വന്തം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോകുകയായിരുന്നു തളങ്കര സ്വദേശി യൂസഫ്. ബണ്ടിചാലിൽ എത്തിയപ്പോൾ ഒരു മൂങ്ങ പറന്ന് വന്ന് യൂസഫിന്റെ തോളിൽ ഇരുന്നു. ആ സമയത്ത് 40 കിലോമീറ്റർ വേഗതയിൽ ആയിരുന്നു വണ്ടിയെന്ന് യൂസഫ് പറയുന്നു. മൂങ്ങയെ കണ്ട വെപ്രാളത്തിൽ യൂസഫ് പേടിച്ചുപോയി. കൈ കൊണ്ട് തട്ടി മാറ്റാൻ ശ്രമിച്ചു. ഇതോടെ വണ്ടി നിയന്ത്രണം വിട്ട് ഇലക്രിക് പോസ്റ്റിൽ ഇടിച്ചു. ഭാഗ്യം കൊണ്ട് മാത്രമാണ് താൻ വലിയ പരിക്കില്ലാതെ രക്ഷപെട്ടതെന്നു യൂസഫ് പറഞ്ഞു.
എന്നാൽ അപകടത്തിന്റെ ഞെട്ടലിൽ നിന്നും യൂസഫ് ഇപ്പോഴും മോചിതനായിട്ടില്ല. വണ്ടി അപകടത്തിൽ പെടുന്നതിന് സെക്കന്റുകൾക് മുന്നേ മൂങ്ങയും പറന്നു പോയതായി യുസഫ് പറയുന്നു. കാലിനാണ് യുസഫിന് പരിക്കേറ്റത്. ദേളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യൂസഫ് പരുക്ക് സാരമല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങി. എന്നാൽ ഓട്ടോ റിക്ഷയുടെ മുൻ ഭാഗം പൂർണമായും തകർന്നതിന്റെ വിഷമത്തിൽ ആണ് യൂസഫ്. ഓട്ടോയിൽ ഇപ്പോഴും മൂങ്ങയുടെ തൂവലുകൾ കിടക്കുന്നുണ്ട്.
കാസർകോട്ടുനിന്നും ബെണ്ടിച്ചാലിലേക്കുള്ള രണ്ട് യാത്രക്കാരെ ഇറക്കി മടങ്ങുകയായിരുന്നു യൂസഫ്. എല്ലാ ശ്രദ്ധയും റോഡിൽ മാത്രമായിരുന്നു. പെട്ടന്നാണ് മൂങ്ങ ഇടിച്ചു കേറി വന്നതെന്ന് എന്താണ് സംഭവിച്ചതെന്നു നോക്കും മുന്നേ ഓട്ടോ അപകടത്തിൽപ്പെട്ടെന്നും യൂസഫ് വിവരിച്ചു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് പൊട്ടി വീണെങ്കിൽ വലിയ അപകടമായി മാറിയേനെ എന്നും യൂസഫ് കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam