
തിരുവനന്തപുരം: ജോബ് കൺസൾട്ടൻസി സ്ഥാപനം വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷത്തോളം രൂപ തട്ടിയ യുവതികൾ അറസ്റ്റിൽ. കണിയാപുരം റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന രഹ്ന (40), സുഹൃത്ത് മുരുക്കുംപുഴ കോഴിമട ക്ഷേത്രത്തിന് സമീപം മംഗലശേരിയിൽ ജയസൂര്യ (41) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന എസ്പികെ ജോബ് കൺസൾട്ടൻസി വഴിയായിരുന്നു തൊഴിൽ തട്ടിപ്പ്.
വിദേശത്ത് സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്‌ത് 25 ലക്ഷം രൂപയോളം ഇവർ തട്ടിയതായി പൊലീസ് പറഞ്ഞു. സ്റ്റേഷൻകടവ് സ്വദേശിയായ യുവതിയിൽനിന്ന് എട്ട് ലക്ഷവും കീരിക്കാട് സ്വദേശിയായ യുവാവിൽനിന്ന് യുകെയിലെ കമ്പനിയിൽ ജോലി നൽകാമെന്ന് പറഞ്ഞ് നാല് ലക്ഷവും യുകെയിൽ ജോബ് വിസ നൽകാമെന്ന് പറഞ്ഞു വട്ടപ്പാറ സ്വദേശിയിൽനിന്ന് ആറ് ലക്ഷവും കഴക്കൂട്ടം സ്വദേശിയിൽനിന്ന് സർക്കാർ സ്ഥാപനത്തിൽ ക്ലർക്കായി ജോലി നൽകാമെന്ന് പറഞ്ഞ് ആറ് ലക്ഷവുമാണ് തട്ടിയത്.
ഓരോ തവണയും അന്വേഷിച്ചെത്തുമ്പോൾ പുതിയ ജോലിയക്കായി ശ്രമിക്കുകയായിരുന്നെന്നാണ് ഇവർ പരാതിക്കാരോട് പറഞ്ഞിരുന്നത്. ഒടുവിൽ തട്ടിപ്പ് മനസിലായവർ പൊലീസിനെ സമീപിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. തട്ടിപ്പിൽ ഇവർക്കൊപ്പം ആരൊക്കെയുണ്ടെന്നറിയാൻ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങുകയാണ് പൊലീസ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam