
കോട്ടയം: പാലായിൽ (Pala) കള്ള് കുടിക്കാൻ സുരക്ഷിത സ്ഥലം തേടി പോയ രണ്ട് യുവാക്കൾക്ക് പറ്റിയ അമളി സോഷ്യൽ മീഡിയയിൽ (Social Media) വൈറലാണ്. മീനച്ചിലാറിന്റെ കടവിലെത്തിയ ഇവർ മുന്നിൽ കണ്ട ആളോട് ഇവിടെയിരുന്ന് കള്ള് കുടിച്ചാൽ പൊലീസ് വരുമോയെന്ന് ചോദിച്ചു. മറുപടിക്ക് കാത്ത് നിൽക്കാതെ കടവിലിരുന്ന് ബിയർ കുടിയും തുടങ്ങി. പിന്നെയാണ് ട്വിസ്റ്റ് ഉണ്ടായത്.
മീനച്ചിലാറിന്‍റെ സൗന്ദര്യം ആസ്വദിച്ച് യുവാക്കൾ കടവിലിരുന്നു ബിയർ കുടിച്ചു. മുകളിൽ നിന്ന് മൊബൈലിൽ ദൃശ്യം പകർത്തിയ ആളിനെ അവർ സംശയിച്ചതുമില്ല. പക്ഷേ, പിന്നാലെ ബിയർ കുപ്പി ഒരാൾ വന്ന് പിടിച്ചുവാങ്ങിയപ്പോൾ അന്തം വിട്ടു. പിന്നീട് അബദ്ധം പിടികിട്ടി. കള്ള് കുടിച്ചാൽ പൊലീസ് പിടിക്കുമോയെന്ന് തങ്ങൾ ചോദിച്ചത് പൊലീസ് ഉദ്യോഗസ്ഥനോടാണെന്ന് അപ്പോഴാണ് അവർ തിരിച്ചറിഞ്ഞത്.
ലഹരി റെയ്ഡിനായി മഫ്തിയിൽ നിൽക്കുമ്പോഴായിരുന്നു പാലാ എസ്എച്ച്ഓ കെ.പി.ടോംസണോടുള്ള ( K P Tomson) യുവാക്കളുടെ ചോദ്യമെന്നതാണ് രസകരം. പൊതുസ്ഥലത്ത് മദ്യപിച്ചതിനുള്ള വകുപ്പ് ചുമത്തി ഇവർക്കെതിരെ കേസെടുത്തെങ്കിലും പിന്നീട് താക്കീത് നൽകി വിട്ടയച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയുണ്ടായ ചിരി മുഹൂർത്തത്തെ എസ്എച്ച്ഓ തന്നെയാണ് സമൂഹമാധ്യത്തിൽ പങ്കുവച്ചത്.
എസ്എച്ച്ഒയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്ന് അബ്കാരി മയക്കുമരുന്ന് എന്നിവയുടെ റെയിഡിനു വേണ്ടി സ്‌ക്വാഡ് കാരുടെകൂടെ പാലാ മീനച്ചിലാറിന്റെ കടവിൽ മഫ്ടിയിൽ നിൽകുമ്പോൾ രണ്ടു പേര് കള്ളുകുടിക്കാൻ വന്നിട്ട് എന്നോട് ചോദിക്കുവാ ഇവിടിരുന്നു കള്ളൂ കടിച്ചാൽ പോലീസ് വല്ലോം വരുമൊന്നു. പകച്ചു പണ്ടാരമടങ്ങി പോയി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam