
കോഴിക്കോട്: ക്രൌണ്‍ തിയേറ്ററിനു സമീപം റെയിൽവെ ട്രാക്കില്‍ വെച്ച് സ്വർണ്ണ മാലയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലെ പ്രതികള്‍ പിടിയില്‍. വെള്ളിപറമ്പ് സ്വദേശിയായ ജിമ്നാസ് (32), കുറ്റിക്കാട്ടൂര്‍ മാണിയമ്പലം ജുമാ മസ്ജിദിനു സമീപം വാടകയ്ക്ക് താമസിക്കുന്ന അജ്മല്‍ നിയാസ് എന്ന അജു,(26) എന്നിവരാണ് പിടിയിലായത്. കുരുവട്ടുര്‍ സ്വദേശിയുടെ മൂന്നു പവന്‍റെ സ്വര്‍ണ്ണ മാലയും 60,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുമാണ് പ്രതികള്‍ തട്ടിയെടുത്തത്. കോഴിക്കോട് ടൗണ്‍ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.
ഈ മാസം പതിനഞ്ചാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനായി പോവുകയായിരുന്ന കുരുവട്ടുര്‍ സ്വദേശിയെയാണ് പ്രതികള്‍ ആക്രമിച്ചു മാലയും ഫോണും പിടിച്ചു പറിച്ചത്. ഇയാളുടെ പരാതി പ്രകാരം ടൌണ്‍ പോലീസ് കേസ് എടുക്കുകയും, പ്രതികളുടെ അടയാള വിവരങ്ങള്‍ പരതിക്കാരനില്‍ നിന്നും മനസ്സിലാക്കിയ പൊലീസ് പ്രതികളെ കണ്ടെത്തുകയിരുന്നു.
പ്രതികള്‍ക്കെതിരെ കോഴിക്കോട് സിറ്റിയിലും തമിഴ്‌നാട്ടിലും ഉൾപ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ട്. ടൌണ്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐ. മാരായ അനൂപ്. എ.പി., അബ്ദുള്‍ സലിം വി.വി, ബൈജുനാഥ്, സീനിയര്‍ സി.പി.ഒ. മാരായ രമേശ്. എ, സജേഷ് കുമാര്‍, സി.പി.ഒ. അനൂജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ തിരിച്ചറിഞ്ഞു പിടികൂടിയത് , കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam