Asianet News MalayalamAsianet News Malayalam

ഖാദി ബോര്‍ഡ് ശമ്പളമായി നല്‍കാനുള്ളത് 3.5 ലക്ഷം; കോടതി ഉത്തരവുമായി ഓഫീസുകള്‍ കയറിയിറങ്ങി വീട്ടമ്മ

കോടതി ഉത്തരവുണ്ടായിട്ടും മൂന്നര ലക്ഷത്തിലധികം രൂപ നൽകാതെ ബോർഡ് കബളിപ്പിക്കുകയാണെന്നും പരാതി പറയാൻ പി ജയരാജനെ കണ്ടപ്പോൾ ദുരനുഭവമാണ് ഉണ്ടായതെന്നും നിഷ പറയുന്നു.

Khadi Board failed to pay salary arrears to dismissed worker at kannur
Author
First Published Dec 3, 2022, 10:09 AM IST

കണ്ണൂര്‍: ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് കാറ് വാങ്ങാൻ 35 ലക്ഷം രൂപ വരെ അനുവദിച്ചുകൊണ്ട് ഉത്തരവായത് കഴിഞ്ഞ ദിവസമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ആഡംബര വാഹനം വാങ്ങുന്നതിനായി ലക്ഷങ്ങള്‍ അനുവദിച്ചത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ വൈസ് ചെയർമാന് കാര്‍ വാങ്ങാനായി ലക്ഷങ്ങള്‍ ചെലവാക്കുന്ന ബോർഡിൽ നിന്നും കിട്ടാനുള്ള ശമ്പളത്തിനായി മൂന്ന് കൊല്ലമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന ഒരു വീട്ടമ്മയുണ്ട് കണ്ണൂരിൽ. 

കുറ്റ്യാട്ടൂർ സ്വദേശി നിഷ കെ.കെയ്ക്കാണ് കോടതി ഉത്തരവുണ്ടായിട്ടും ലഭിക്കാനുള്ള ശമ്പളം നല്‍കാതെ ഖാദി ബോര്‍ഡ് ചുറ്റിക്കുന്നത്. കോടതി ഉത്തരവുണ്ടായിട്ടും മൂന്നര ലക്ഷത്തിലധികം രൂപ നൽകാതെ ബോർഡ് കബളിപ്പിക്കുകയാണെന്നും പരാതി പറയാൻ പി ജയരാജനെ കണ്ടപ്പോൾ ദുരനുഭവമാണ് ഉണ്ടായതെന്നും നിഷ പറയുന്നു. കുറ്റ്യാട്ടൂർ സ്വദേശി നിഷ കെ.കെ ഖാദി ബോർഡിന്റെ കണ്ണൂർ വിപണന കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ജോലിക്ക് കയറിയത് 2013 ലായിരുന്നു. ദിവസക്കൂലി നാനൂറ് രൂപ. യുഡിഎഫ് ഭരിക്കുന്ന സമയമായിരുന്നു അത്. എൽഡിഎഫ് അധികാരത്തിൽ വന്നതോടെ 2017ൽ നിഷയെ പിരിച്ചുവിട്ടു. 

ഇതിനെതിരെ നിഷ ലേബർ കോടതിയിൽ പോയി ജോലിയിൽ തിരികെ പ്രവ‍േശിക്കാൻ അനുകൂല വിധി നേടി. തിരിച്ചെടുത്തില്ലെങ്കിൽ ഉത്തരവ് വന്ന സമയം മുതലുള്ള ശമ്പളം നൽകണമെന്നും നൽകിയില്ലെങ്കിൽ ഖാദി ബോർഡിലെ വസ്തുക്കൾ ജപ്തി ചെയ്ത് ശമ്പളം ഈടാക്കാനും ഉത്തരവായി. ഇതിനെതിരെ ഖാദി ബോർഡ് ഹൈക്കോടതിയിൽ പോയെങ്കിലും ഹർജി തള്ളി.ശമ്പളമായി ഇതുവരെ മൂന്നര ലക്ഷത്തോളം രൂപ കിട്ടാനുണ്ട്. അനുകൂല ഉത്തരവും കയ്യിൽ പിടിച്ച് കഴിഞ്ഞ മൂന്ന് കൊല്ലമായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുകയാണ് നിഷ. 

നഷ്ടത്തിലാണെന്ന് പറഞ്ഞ് തങ്ങൾ ശമ്പളം തരാത്ത ബോർഡ് വൈസ് ചെയർമാന് കാറുവാങ്ങാൻ 35ലക്ഷം വരെ അനുവദിച്ചത് എങ്ങനെയെന്ന് നിഷ ചോദിക്കുന്നു. ശമ്പളം കിട്ടാത്തതിൽ പരാതി പറയാൻ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജനെ ചെന്നുകണ്ടപ്പോൾ ദുരനുഭവമാണ് ഉണ്ടായതെന്ന് നിഷ ആരോപിക്കുന്നു. നിഷയ്ക്ക് ശമ്പളം നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെ‍ഞ്ച് ഉത്തരവിനെതിരെ ബോർഡ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിക്കാനില്ല എന്നുമാണ് വൈസ് ചെയർമാൻ പി ജയരാജൻ പറഞ്ഞത്.

Read More :  ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിര്‍മിക്കുന്നു; 25.50 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കി

Follow Us:
Download App:
  • android
  • ios