
കോഴിക്കോട്: ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ക്ക് നേരെ കത്തി വീശുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാക്കളെ പൊലീസ് ബലം പ്രയോഗിച്ച് കീഴടക്കി. താമരശ്ശേരിക്ക് സമീപം പെരുമ്പള്ളി ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഇന്നലെ വൈകീട്ടോടെയാണ് ലഹരിയില്‍ എത്തിയ യുവാക്കളുടെ പരാക്രമം ഉണ്ടായത്. സംഭവത്തില്‍ പൂനൂര്‍ ഉണ്ണികുളം പൂളത്ത്കണ്ടി സുമീഷ്, പെരിങ്ങളം വയല്‍ കക്കാട്ടുമ്മല്‍ മനാഫ് എന്നിവരെ പൊലീസ് പിടികൂടി.
കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന ഗ്രൗണ്ടിന് സമീപത്തുകൂടി ഇരുവരും ബൈക്കില്‍ വരുമ്പോള്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് വീഴുകയായിരുന്നു. ബൈക്ക് ഒരുവിധത്തില്‍ ഉയര്‍ത്തി കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും വീണു. ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതിനാല്‍ ഇരുവര്‍ക്കും നേരെ നില്‍ക്കുവാന്‍ പോലും സാധിച്ചിരുന്നില്ല. ഇതുകണ്ട് കുട്ടികള്‍ ചിരിച്ചുപോയതാണ് സംഘത്തെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് കത്തി പോലെയുള്ള ആയുധം വീശി കുട്ടികള്‍ക്ക് നേരെ വരികയും അസഭ്യം വിളിക്കുകയുമായിരുന്നു.
പേടിച്ച് ചിതറിയോടിയ കുട്ടികള്‍ ഇക്കാര്യം മറ്റുള്ളവരെ അറിയിച്ചു. വിവരമറിഞ്ഞ് ഗ്രൗണ്ടിലെത്തിയ നാട്ടുകാര്‍ക്ക് നേരെയും യുവാക്കളുടെ പരാക്രമം ഉണ്ടായി. തുടര്‍ന്നാണ് താമരശ്ശേരി പൊലീസ് സ്ഥലത്തെത്തുകയും ഏറെ പണിപ്പെട്ട് യുവാക്കളെ കീഴടക്കുകയുമായിരുന്നു. വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴും ഇവിടെ കൂടിയ നാട്ടുകാര്‍ക്ക് നേരെ പ്രതികള്‍ ഭീഷണി മുഴക്കി. പൊലീസിന് നേരെയും അസഭ്യവര്‍ഷമുണ്ടായി. ഏറെ പണിപ്പെട്ടാണ് പൊലീസ് സംഘം ഇവരെ ഇവിടെ നിന്നും കൊണ്ടുപോയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam