
മാവേലിക്കര: കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ സ്ത്രീകളെ അക്രമിച്ചെന്ന പരാതിയില്‍ രണ്ടു പേരെ മാവേലിക്കര പൊലീസ് അറസ്റ്റു ചെയ്തു. അറനൂറ്റിമംഗലം രാജീവ് ഭവനത്തില്‍ രാജീവ് (42), അറനൂറ്റിമംഗലം പുത്തൂര്‍വില്ലയില്‍ ഷിബു (45) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന അറനൂറ്റി മംഗലം സ്വദേശി ബിനുലാല്‍ ഒളിവിലാണ്.
ആക്കനാട്ടുകര കളഭം വീട്ടില്‍ സുരഭി, മാതാവ് സുനിത എന്നിവരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 15 വൈകിട്ട് 4.45 ഓടെ ആക്കനാട്ടുകര ദേവീക്ഷേത്രത്തിന്റെ സഹകരണ ബാങ്കിനടുത്തുള്ള വഞ്ചിക്ക് സമീപമായിരുന്നു സംഭവം. സുരഭിയും മാതൃസഹോദരനായ സുഭാഷും സഞ്ചരിച്ചിരുന്ന കാറും പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതിനിടെ സുരഭി അച്ചനമ്മമാരെ വിളിച്ചുവരുത്തി. തുടര്‍ന്ന് പ്രതിയായ രാജീവ് ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു.
സുരഭിയും അമ്മ സുനിതയും ചേര്‍ന്ന് രാജീവിന്റെ പക്കല്‍ നിന്ന് ഫോണ്‍ പിടിച്ച് വാങ്ങാന്‍ ശ്രമക്കുന്നതിനിടെ രാജീവ് സുനിതയെയും സുരഭിയെയും മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ സുനിതയുടെ മുഖത്തും അടിവയറിലും സാരമായ പരിക്കുകള്‍ ഏറ്റിട്ടുണ്ട്. തുടര്‍ന്ന് പൊലീസ് എത്തി സംഭവസ്ഥലത്തു നിന്നും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനിടെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബിനു ലാല്‍ രക്ഷപെട്ടു. ഇയാള്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നതായി പൊലീസ് അറിയിച്ചു. സാരമായി പരിക്കേറ്റ സുനിതയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam