
കൊല്ലം: കൊല്ലം മൈലക്കാട് വാടക വീടെടുത്ത് ലഹരിക്കച്ചവടം നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ. എംഡിഎംഎയും കഞ്ചാവും ഇവരിൽ നിന്ന് കണ്ടെടുത്തു. മയ്യനാട് സ്വദേശി റഫീഖും നെടുമ്പന സ്വദേശി ശിവ പ്രദീപുമാണ് ചാത്തന്നൂര്‍ പൊലീസിന്‍റെ പിടിയിലായത്. ഇന്ന് രാവിലെ ഒമ്പതരയ്ക്കായിരുന്നു സംഭവം. മൈലക്കാട് മൂഴിയിൽ ക്ഷേത്രത്തിന് സമീപം ഗതാഗത തടസമുണ്ടാക്കി ഒരു കാര്‍ വീടിനു സമീപം പാര്‍ക്ക് ചെയ്തെന്ന വിവരമാണ് ആദ്യം പൊലീസിന് കിട്ടിയത്.
പരിശോധനകൾക്കിടെ സമീപത്തെ വീട്ടിൽ നിന്ന് മദ്യലഹരിയിലായിരുന്ന പ്രതികളെ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും എംഡിഎംഎ വിറ്റ് കിട്ടിയ ഒരു ലക്ഷത്തോളം രൂപയും കണ്ടെത്തിയത്. നാല് മൊബൈൽ ഫോണുകളും ഒരു ബ്ലാങ്ക് ചെക്കും വസ്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ ലഹരി ഇടപാട്.
മൂഴിയിൽ ക്ഷേത്രത്തിന് സമീപം വാടകയ്ക്കെടുത്ത വീട് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഇവരുമായി ബന്ധപ്പെട്ടവരിലേക്കും അന്വേഷണമുണ്ടാകും. പ്രതികളെ റിമാൻഡ് ചെയ്തു. അതേസമയം, ഓണം സ്‍പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് അടിമാലി എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎ പിടിച്ചെടുത്തിരുന്നു. അടിമാലി കൊരങ്ങാട്ടി റോഡിലുള്ള ലോഡ്ജിൽ സംശയാസ്‍പദമായി കണ്ട യുവാക്കളെ ലോഡ്ജ് മുറിയിലെത്തി വിശദമായി പരിശോധന നടത്തിയപ്പോഴാണ് 2.042 ഗ്രാം എംഡിഎംഎ യുമായി മൂന്ന് യുവാക്കൾഅറസ്റ്റിലായത്.
എറണാകുളം ജില്ലയിലെ നേര്യമംഗലം സ്വദേശികളായ മുരീക്കൽ വീട്ടിൽ ജോൺസൺ എൽദോസ് (20), കാനാട്ടുകുടിയിൽ അനിലേഷ് തങ്കൻ, മുവാറ്റുപുഴ കുന്നക്കാൽ കരയിൽപടിഞ്ഞാറേ മുറി തോട്ടത്തിൽ ആൽവിൻ ചാക്കോ എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. അന്താരാഷ്ട്ര വിപണിയിൽ ഗ്രാമിന് ഒരു ലക്ഷം രൂപയിലധികം വിലവരുന്ന എംഡിഎംഎ, കൈവശം സൂക്ഷിക്കുന്നത് ഒരു ലക്ഷം രൂപ പിഴയും പത്ത് വർഷം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam