'സ്വതന്ത്രനെ പൊക്കി' എല്‍ഡിഎഫിന്‍റെ അവിശ്വാസ പ്രമേയം; കളമശ്ശേരി നഗരസഭ ഭരണം നിലനി‍ർത്തി യുഡിഎഫ്

By Web TeamFirst Published Dec 5, 2022, 4:33 PM IST
Highlights

യുഡിഎഫിൽ നിന്ന് ഒരു സ്വതന്ത്രനെ അടർത്തി എടുത്താണ് എൽഎഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഈ നീക്കം യുഡിഎഫ് തന്ത്രപൂർവം മറികടക്കുകയായിരുന്നു.

കൊച്ചി: എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തി കളമശ്ശേരി നഗരസഭ ഭരണം നിലനി‍ർത്തി യുഡിഎഫ്.  വോട്ടെടുപ്പിൽ നിന്ന് യുഡിഎഫും ബിജെപിയും വിട്ടുനിന്നതാണ് അവിശ്വാസം പരാജപ്പെടാൻ കാരണം. ഒരൊറ്റ സീറ്റിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു കളമശ്ശേരി നഗരസഭയിൽ യുഡിഎഫ് ഭരണം. യുഡിഎഫിൽ നിന്ന് ഒരു സ്വതന്ത്രനെ അടർത്തി എടുത്താണ് എൽഎഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഈ നീക്കം യുഡിഎഫ് തന്ത്രപൂർവം മറികടക്കുകയായിരുന്നു.

42 അംഗങ്ങൾ ആണ് കളമശ്ശേരി നഗരസഭയിലുള്ളത്. ഒരു സ്വതന്ത്രൻ കൂടി ചേർന്നതോടെ എൽഡിഎഫിന് 21 സീറ്റായി. യുഡിഎഫിന് 20, ബിജെപിയ്ക്ക് ഒന്ന് എന്നിങ്ങനെയായി പിന്നീട് കക്ഷിനില. വോട്ടെടുപ്പ് നടന്നാൽ ഭരണ അട്ടിമറിയുണ്ടാകുമെന്ന് വ്യക്തമായതോടെ യുഡിഎഫ് അവിശ്വസ പ്രമേയത്തിൽ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇതോടെ വോട്ടെടുപ്പിൽ ജയിക്കാൻ എൽഡിഎഫിന് 22 പേരുടെ പിന്തുണ ആവശ്യമായി. 

അവിശ്വാസ പ്രമേയ ചർച്ചയിൽ ബിജെപി അംഗം പങ്കെടുത്തിരുന്നു. എന്നാല്‍ വോട്ടെടുപ്പിൽ നിന്നും ബിജെപി അംഗം വിട്ടുനിന്നു. ഇതോടെ എൽഡിഎഫിന് കിട്ടിയത് 21 വോട്ട്. ഇതോടെ യുഡിഎഫ് ഭരണം നിലനിർത്തി. ഭരണം നിലനിർത്തിയെങ്കിലും നഗരസഭയിൽ യുഡിഎഫിന് ഭൂരിപക്ഷമില്ല. അവിശ്വാസ പ്രമേയം വീണ്ടും അവതരിപ്പിക്കാൻ ആറ് മാസം കഴിയണം. ഇതിനുള്ളിൽ സ്വതന്ത്രനെ തിരിച്ചെത്തിച്ച് ഭൂരിപക്ഷം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

Read More : മതപരിവർത്തന വിരുദ്ധ നിയമം: കേന്ദ്രസർക്കാരിനോട് വിശദമായ സത്യവാങ്മൂലം ആവശ്യപ്പെട്ട് സുപ്രീം കോടതി

click me!