Asianet News MalayalamAsianet News Malayalam

മതപരിവർത്തന വിരുദ്ധ നിയമം: കേന്ദ്രസർക്കാരിനോട് വിശദമായ സത്യവാങ്മൂലം ആവശ്യപ്പെട്ട് സുപ്രീം കോടതി

നിർബന്ധിത മത പരിവർത്തനം ഗൗരവമേറിയ വിഷയമാണെന്നും അത്  രാജ്യസുരക്ഷയെ ബാധിക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു

Supreme court asks detailed affidavit from center on religious conversion
Author
First Published Dec 5, 2022, 4:25 PM IST

ദില്ലി:  മത പരിവർത്തന വിരുദ്ധ നിയമങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരുകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനം ഗൗരവകരമാണെന്ന് സുപ്രീംകോടതി വിലയിരുത്തി. ദാനം നൽകുന്നത് മതപരിവർത്തനത്തിനാകരുതെന്ന് വ്യക്തമാക്കിയ കോടതി വിഷയം ഡിസംബർ 12ന് വീണ്ടും പരിഗണിക്കാമെന്ന് വ്യക്തമാക്കി. 

നിർബന്ധിത മത പരിവർത്തനത്തിനെതിരെ സുപ്രിം കോടതി കഴിഞ്ഞ മാസം ശക്തമായ നിലപാടുയർത്തിയിരുന്നു. നിർബന്ധിത മത പരിവർത്തനം ഗൗരവമേറിയ വിഷയമാണെന്നും അത്  രാജ്യസുരക്ഷയെ ബാധിക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. മതം മാറാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. എന്നാൽ നിർബന്ധിത മത പരിവർത്തനം നടത്താൻ ഉളള അവകാശം ആർക്കും നൽകുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു. 

സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെയും സുപ്രീം കോടതിയിൽ ഹർജി നിലവിലുണ്ട്. ആക്ടിവിസ്റ്റ് ടീസ്റ്റ് സെറ്റല്‍വാദിന്റ എന്‍ജിഒ ആയ ജസ്റ്റീസ് ആന്റ് പീസ് നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. സംസ്ഥാനങ്ങള്‍ പാസാക്കിയ നിയമം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നാണ് അഭിഭാഷകന്‍ സി യു സിംഗ് ചൂണ്ടിക്കാട്ടിയത്.

ഈയടുത്താണ് നിർബന്ധിത മതപരിവർത്തന നിരോധന ബില്ല് കർണാടക നിയമ നിർമ്മാണ കൗൺസിൽ പാസാക്കിയത്. കോൺഗ്രസിന്റെയും ജെഡിഎസിന്റെയും ശക്തമായ എതിർപ്പിനിടെ ശബ്ദവോട്ടോടെയാണ് നിയമസഭയ്ക്ക് പിന്നാലെ നിയമ നിർമ്മാണ കൗൺസിലിലും ബില്ല് പാസാക്കിയത്. ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് ബില്ലെന്നും പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറില്‍ ബില്ല് നിയമസഭയില്‍ പാസാക്കിയിരുന്നു. നിയമനിര്‍മ്മാണ കൗണ്‍സിലില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെയാണ് ബിൽ കൗൺസിലിൽ അവതരിപ്പിച്ചത്.  മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. ക്രൈസ്തവ സംഘടനകളുടെ കടുത്ത എതിര്‍പ്പിനിടെയാണ് സര്‍ക്കാര്‍ നടപടി.

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കര്‍ണാടകയില്‍ ബെംഗ്ലൂരു യശ്വന്ത്പുര്‍ സ്വദേശി സയിദ് മൊയീനെ അറസ്റ്റ് ചെയ്തിരുന്നു. ഈ നിയമപ്രകാരമുള്ള ആദ്യത്തെ അറസ്റ്റായിരുന്നു ഇത്. വിവാഹവാഗ്ദാനം നല്‍കി മതംമാറ്റത്തിന് ശ്രമിച്ചെന്ന പരാതിയിലായിരുന്നു നടപടി. 19കാരിയെ വിവാഹവാഗ്ദാനം നല്‍കി ആന്ധ്രയില്‍ എത്തിച്ച് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. മതംമാറ്റത്തിന് തീരുമാനിക്കുന്നവര്‍ രണ്ട് മാസം മുമ്പേ ജില്ലാ കളക്ടറുടെ അനുമതി വാങ്ങണമെന്നാണ് മതപരിവര്‍ത്തന നിരോധന നിയമത്തിലെ ചട്ടം. ഇത് ലംഘിച്ചതിന് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും ഉറപ്പുവരുത്തുന്നതാണ് മതപരിവര്‍ത്തന നിരോധന നിയമം.

Follow Us:
Download App:
  • android
  • ios