കോൺഗ്രസിന്‍റെ സർവാധിപത്യം കണ്ട ജില്ല! 47 സീറ്റ് നേടി കോർപറേഷൻ പിടിച്ചെടുത്തു, 10 നഗരസഭ, 66 പഞ്ചായത്തുകൾ; കൊച്ചി ജനത കരുതിവച്ച വിധി

Published : Dec 13, 2025, 08:17 PM IST
congress flag

Synopsis

മലപ്പുറത്ത് മുസ്ലിം ലീഗിന്‍റെ കൂടി കരുത്തിൽ സമഗ്ര വിജയം നേടിയെങ്കിലും കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം കൊച്ചിയിലെ വിജയത്തിന് മധുരമേറെയുണ്ട്. ജില്ലയിലെ പ്രതാപം തിരിച്ചുപിടിക്കുന്ന വിജയമാണ് കൊച്ചി ജനത കോൺഗ്രസിന് കരുതിവച്ചിരുന്നത്…

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ സർവാധിപത്യം കണ്ട ജില്ലയാണ് എറണാകുളം. മലപ്പുറത്ത് മുസ്ലിം ലീഗിന്‍റെ കൂടി കരുത്തിൽ യു ഡി എഫ് സമഗ്ര വിജയം നേടിയെങ്കിലും കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം കൊച്ചിയിലെ വിജയത്തിന് മധുരമേറെയുണ്ട്. ജില്ലയിലെ പ്രതാപം തിരിച്ചുപിടിക്കുന്ന വിജയമാണ് കൊച്ചി ജനത കോൺഗ്രസിന് കരുതിവച്ചിരുന്നതെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. കോർപറേഷനിലടക്കം അക്ഷരാർത്ഥത്തിൽ യു ഡി എഫ് തരംഗമാണ് ഇക്കുറി ആഞ്ഞടിച്ചിരിക്കുന്നത്. മൊത്തം 76 സീറ്റുകളുള്ള കൊച്ചി കോർപറേഷനിൽ 47 ഇടത്തും വിജയക്കൊടി നാട്ടിയാണ് യു ഡി എഫ് ഭരണം തിരിച്ചുപിടിച്ചത്. 22 സീറ്റിലേക്കാണ് എൽ ഡി എഫ് ചുരുങ്ങിയത്. 6 ഇടത്ത് എൻ ഡി എ സ്ഥാനാർഥികളും ഒരിടത്ത് സ്വതന്ത്രനും വിജയം സ്വന്തമാക്കി. 

28 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ 25 എണ്ണവും നേടിയാണ് യു ഡി എഫ് സമഗ്രാധിപത്യം തെളിയിച്ചത്. ചെറായി, പുത്തൻ കുരിശ്, കടമക്കുടി ഡിവിഷനുകളിൽ മാത്രമാണ് എൽ ഡി എഫ് ജയിച്ചത്. കടമക്കുടിയിൽ യു ഡി എഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെയാണ് എൽ ഡി എഫിന് വിജയം അനായാസമായത്. 14 ബ്ലോക്ക് പഞ്ചായത്തുകളിൽ പന്ത്രണ്ടിടത്തും യു ഡി എഫാണ് വിജയിച്ചത്. വൈപ്പിൻ ബ്ലോക്കിൽ മാത്രമാണ് ചെങ്കൊടി പാറിയത്. വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ എൽ ഡി എഫും യു ഡി എഫും ഒപ്പത്തിനൊപ്പം. ഇരു മുന്നണികളും 5 സീറ്റുകൾ വീതം നേടി. ട്വന്‍റി ട്വന്‍റി നാല് സീറ്റുകളിലും വിജയിച്ചു.

ന​ഗരസഭകളും യു ഡി എഫിനെ കൈ വിട്ടില്ല

13 ന​ഗരസഭകളിൽ 10 എണ്ണത്തിലും യു ഡി എഫ് മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചു. ചരിത്രത്തിലാദ്യമായി തൃപ്പൂണിത്തുറ നഗരസഭയിൽ എൻ ഡി എ ഏറ്റവും വലിയ ഒറ്റകക്ഷിയായി. 53 വാർഡുകളിൽ 21 ഇടത്ത് എൻ ഡി എയും 20 ഇടത്ത് എൽ ഡി എഫും 12 ഇടത്ത് യു ഡി എഫും ജയിച്ചു. തൃപ്പൂണിത്തുറ, കോതമംഗലം, പിറവം, കൂത്താട്ടുകുളം നഗരസഭകൾ എൽ ഡി എഫിനെ കൈവിട്ടു. (സി പി എം കൗൺസിലറായ കലാരാജുവിനെ തട്ടിക്കൊണ്ടുപോയി വിവാദത്തിലായ നഗരസഭയായിരുന്നു കൂത്താട്ടുകുളം). ഇടത് സ്വതന്ത്രരുടെ പിന്തുണയോടെ ഏലൂർ നഗരസഭ എൽ ഡി എഫ് നിലനിർത്തി. യു ഡി എഫ് ഭരിച്ചിരുന്ന അങ്കമാലി നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല.

ഗ്രാമ പഞ്ചായത്തുകളിലും യു ഡി എഫ്

ജില്ലയിലെ ആകെയുള്ള 82 പഞ്ചായത്തുകളിൽ 66 പഞ്ചായത്തുകളിൽ യു ഡി എഫും ഏഴ് പഞ്ചായത്തുകളിൽ എൽ ഡി എഫും നാലെണ്ണത്തിൽ ട്വന്റി ട്വന്റിയും വിജയിച്ചു. ( ചെങ്ങമനാട്, കല്ലൂർക്കാട്, പുതൃക്ക, പോത്താനിക്കാട്, വെങ്ങോല പഞ്ചായത്തുകളിൽ മുന്നണികൾ ഒപ്പത്തിനൊപ്പം). 2020 ൽ 41 ഇടത്തായിരുന്നു യു ഡി എഫ്. 26 ഇടത്ത് എൽ ഡി എഫും നാലിടത്ത് ട്വന്റി ട്വന്റീയും വിജയിച്ചിരുന്നു.

ട്വന്റി ട്വന്റി

ട്വന്റി ട്വന്റി ഭരിക്കുന്ന ഐക്കരനാട് പഞ്ചായത്തിൽ ഇത്തവണയും പ്രതിപക്ഷമില്ല. മുഴുവൻ സീറ്റുകളിലും ട്വന്റി ട്വന്റി സ്ഥാനാർഥികൾ ജയിച്ചു. മുഴുവൻ സീറ്റിലും വനിതകളെ മത്സരിപ്പിച്ച തിരുവാണിയൂർ പഞ്ചായത്ത് ട്വന്റി ട്വന്റി പിടിച്ചെടുത്തു. ട്വന്റി ട്വന്റിയുടെ കോട്ടയായ കിഴക്കമ്പലത്ത് എൽ ഡി എഫും യു ഡി എഫും ഒരുമിച്ച് ജനകീയ മുന്നണിയെന്ന പേരിൽ മത്സരിച്ചിട്ടും പ്രയോജനമുണ്ടായില്ല. 21 സീറ്റുകളിൽ 20 ഇടത്തും ട്വന്റി ട്വന്റി വിജയിച്ചു. ഒരു വാർഡിൽ യു ഡി എഫ് വിജയിച്ചു. എന്നാൽ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളായ കോലഞ്ചേരിയും വെങ്ങോലയും ട്വന്റി ട്വന്‍റിയെ കൈവിട്ടു. രണ്ടിടത്തും യു ഡി എഫ് വിജയിച്ചു. കുന്നത്തുനാട് പഞ്ചായത്തും ട്വന്റി ട്വന്റിയെ കൈവിട്ടു. 11 സീറ്റുകളിൽ യു ഡി എഫും 9 സീറ്റുകളിൽ ട്വന്റി ട്വന്റിയും, ഒരു സീറ്റിൽ എൽ ഡി എഫും വിജയിച്ചു. നിലവിൽ ഭരിക്കുന്ന മഴുവന്നൂർ പഞ്ചായത്തിൽ ട്വന്റി ട്വന്റിക്ക് ഇത്തവണ കേവല ഭൂരിപക്ഷമില്ല. 21 വാർഡുകളിൽ 10 എണ്ണം ട്വന്റി ട്വന്റി നേടിയപ്പോൾ യു ഡി എഫ് ഏഴും എൽ ഡി എഫ് മൂന്നും എൻ ഡി എ ഒരു സീറ്റിലും ജയിച്ചു. പുതൃക്ക പഞ്ചായത്തിൽ ആർക്കും കേവല ഭൂരിപക്ഷം ഇല്ല. 7 സീറ്റുകളിൽ ട്വന്റി ട്വന്റിയും 7 സീറ്റുകളിൽ യു ഡി എഫും രണ്ട് സീറ്റുകളിൽ എൽ ഡി എഫും വിജയിച്ചു. മുഴുവൻ സീറ്റുകളിലും വനിതകളെയാണ് ട്വന്റി ട്വന്റി മത്സരിപ്പിച്ചത്. വെങ്ങോല പഞ്ചായത്തിലെ 24 വാർഡുകളിൽ 6 ഇടത്ത് ട്വന്റി ട്വന്റി വിജയിച്ചു. ( യു ഡി എഫ്- 9, എൽ ഡി എഫ്- 6, മറ്റുള്ളവർ- 3). വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ ട്വന്റീ ട്വന്റി രണ്ട് സീറ്റുകളിൽ വിജയിച്ചു. ആദ്യമായി ന​ഗരസഭയിലും ട്വന്റി ട്വന്റി സാന്നിധ്യം അറിയിച്ചു. തൃക്കാക്കര നഗരസഭയിലെ കാക്കനാട് വാർഡിൽ ട്വന്റി ട്വന്റി സ്ഥാനാർഥി റെനി തോമസ് ജയിച്ചു.

മുനമ്പം

പള്ളിപ്പുറം പഞ്ചായത്തിൽ വഖഫ് ഭൂമി സമരം നടന്ന മുനമ്പം കടപ്പുറം വാർഡിൽ എൻ ഡി എ സ്ഥാനാർഥി കുഞ്ഞുമോൻ അഗസ്റ്റിൻ ജയിച്ചു. 31 വോട്ടുകൾക്കാണ് എൽ ഡി എഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. കോൺ​ഗ്രസ് മൂന്നാം സ്ഥാനത്തായി. പള്ളിപ്പുറം പഞ്ചായത്ത് എൽ ഡി എഫ് നിലനിർത്തി. ഇരുപത്തി നാലിൽ പതിമൂന്ന് സീറ്റ് എൽ ഡി എഫ് നേടി. മുനമ്പം കടപ്പുറം ഉൾപ്പെടെ രണ്ട് വാർഡുകളിലാണ് എൻ ഡി എ ജയിച്ചത്.

പ്രധാന സ്ഥാനാർഥികൾ

ജില്ലാ പഞ്ചായത്ത് തുറവൂർ ഡിവിഷനിൽ നിന്ന് മത്സരിച്ച കെ പി സി സി വക്താവ് ജിന്റോ ജോൺ പതിനായിരത്തിലധികം വോട്ടിന് ജയിച്ചു.

വാഴക്കുളം ബ്ലോക്കിലെ എടത്തല ഡിവിഷനിൽ മത്സരിച്ച കെ എസ് യു നേതാവ് മിവാ ജോളി മിന്നും വിജയം നേടി. എൽഡിഎഫ് സ്ഥാനാർഥി സാജിത ഹുസൈനിനെ 2060 വോട്ടുകൾക്കാണ് മിവ പരാജയപ്പെടുത്തിയത്.

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ കടുങ്ങല്ലൂർ ഡിവിഷനിൽ മത്സരിച്ച യൂത്ത് കോൺ​ഗ്രസ് ദേശീയ സെക്രട്ടറി ജിൻഷാദ് ജിന്നാസ് 1024 വോട്ടിന് വിജയിച്ചു.

ജില്ലയിലെ ഏക എൽഡിഎഫ് വിമതൻ ഒ ഇ അബ്ബാസ് പല്ലാരിമം​ഗലം പഞ്ചായത്ത് പതിനൊന്നാം വാർഡിൽ പരാജയപ്പെട്ടു. പഞ്ചായത്തിൽ എൽഡിഎഫിന് ഭരണവും നഷ്ടപ്പെട്ടു. പതിനാല് വാർഡിൽ പതിമൂന്നും യുഡിഎഫ് പിടിച്ചെടുത്തു. കൂവല്ലൂർ വാർഡിൽ മാത്രമാണ് എൽഡിഎഫ് ജയിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആറാം തവണയും ഗുരുവായൂര്‍ നഗരസഭ കൈവിടാതെ എൽഡിഎഫ്, മെച്ചപ്പെടുത്തി യുഡിഎഫ്, വളര്‍ച്ചയില്ലാതെ ബിജെപി
പഞ്ചായത്ത് ഭരണത്തിന്റെ തലവര മാറ്റിയ ഒരു വോട്ട്, മുർഷിനയെ ജയിപ്പിച്ച ഒരൊറ്റവോട്ട്; 20 വര്‍ഷത്തിന് ശേഷം വാണിമേൽ പഞ്ചായത്ത് എൽഡിഎഫിന്