ചുരം കയറാതെ വയനാട് കേറാം; ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാത വരുന്നു

By Web TeamFirst Published Feb 14, 2019, 10:43 PM IST
Highlights

ചുരം കയറാതെ വയനാട് കയറാനുള്ള വഴിതെളിയുന്നു. ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാത പാതയാണ് സര്‍ക്കാറിന്‍റെ സജീവ പരിഗണനയിലുള്ളത്. ഡിപിആര്‍ തയ്യാറാക്കുന്നതിനും നിര്‍മ്മാണത്തിനുമായി കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി ഉത്തരവായതായി ജോര്‍ജ് എം തോമസ് എംഎല്‍എ അറിയിച്ചു.


കോഴിക്കോട്: ചുരം കയറാതെ വയനാട് കയറാനുള്ള വഴിതെളിയുന്നു. ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാത പാതയാണ് സര്‍ക്കാറിന്‍റെ സജീവ പരിഗണനയിലുള്ളത്. ഡിപിആര്‍ തയ്യാറാക്കുന്നതിനും നിര്‍മ്മാണത്തിനുമായി കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി ഉത്തരവായതായി ജോര്‍ജ് എം തോമസ് എംഎല്‍എ അറിയിച്ചു.

സംസ്ഥാനത്തിന് പൊതുവേയും മലബാര്‍ മേഖലയ്ക്ക് പ്രത്യേകിച്ചും സമഗ്രവികസനത്തിന് കാരണമാകുന്ന ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ ഡീറ്റൈല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും നിര്‍മ്മാണത്തിനുമായി സര്‍ക്കാരിന്റെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (നിര്‍വഹണ ഏജന്‍സി) ആയി കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവായത്.

കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാത, തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ആനക്കാംപൊയിലിന്  അടുത്തുള്ള സ്വര്‍ഗം കുന്നില്‍ ആരംഭിച്ച് വയനാട്ടിലെ കള്ളാടിയിലാണ് അവസാനിക്കുന്നത്. വനഭൂമി നഷ്ടപ്പെടുത്താതെ 6.5 കിലോമീറ്റര്‍ മല തുരന്ന്  രണ്ടു വരിയായി തുരങ്കവും തുരങ്കത്തെ ബന്ധിപ്പിച്ച് സമീപ റോഡും ( 2 ലൈന്‍ ) കുണ്ടന്‍തോടില്‍ 70 മീറ്റര്‍ നീളത്തില്‍ പാലവും  ( 2 ലൈന്‍ ) നിര്‍മ്മിക്കുന്നതിനും ഡിപിആര്‍  തയ്യാറാക്കുന്നതിനുമാണ് ഉത്തരവായത്. പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കി കിഫ്ബിയിലാണ് സമര്‍പ്പിക്കുന്നത്. 

പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ഉള്‍പ്പെടുത്തി 20 കോടി രൂപ ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചിരുന്നു. കിഫ്ബിയുടെ നിര്‍മ്മാണ പ്രവൃത്തികളുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി നിശ്ചയിച്ചത് കേരള റോഡ് ഫണ്ട് ബോര്‍ഡിനെയാണ്. എന്നാല്‍ തുരങ്കപാത നിര്‍മ്മാണത്തില്‍ സാങ്കേതിക പരിജ്ഞാനം പരിഗണിച്ച് മെട്രോമാന്‍ ഇ ശ്രീധരന്റെ കൂടി അഭ്യര്‍ത്ഥന പരിഗണിച്ചാണ് എസ്‍പിവിയായി കെആര്‍സിഎല്ലിനെ നിശ്ചയിച്ചത്.

കെആര്‍സിഎല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കി കേരള സര്‍ക്കാര്‍, കിഫ്ബി, കെആര്‍സിഎല്‍ എന്നിവര്‍ ത്രികക്ഷിയായി ധാരണാപത്രം ഒപ്പിടും. വിശദപഠനം  ആറ് മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കെആര്‍സിഎല്‍ അറിയിച്ചതെന്നും എംഎല്‍എ അറിയിച്ചു.

click me!