
കാസർകോട്: കാസർകോട് നീലേശ്വരം പള്ളിക്കരയിൽ വീട് ജപ്തി ചെയ്തതിനെ തുടർന്ന് വയോധിക ദമ്പതികൾ താമസിച്ചിരുന്ന താൽക്കാലിക ഷെഡും ബാങ്ക് അധികൃതർ പൊളിച്ച് മാറ്റി. ബാങ്ക് അധികൃതർ നൽകിയ തീയതി അവസാനിച്ചതിനെ തുടർന്നാണ് പത്മനാഭൻ - ദേവി ദമ്പതികളെ കുടിയിറക്കിയത്. അയൽവാസിയായ തങ്കമണിയുടെ വീട്ടില്‍ താൽക്കാലിക അഭയം നൽകിയിരിക്കുകയാണിപ്പോൾ പത്മനാഭനും ദേവിയും.
നീലേശ്വരം പള്ളിക്കര മുണ്ടേമാടിലെ പത്മനാഭന് 70 ഉം ഭാര്യ ദേവിക്ക് 58 ഉം വയസാണ്. 2015 ൽ നീലേശ്വരം യൂണിയൻ ബാങ്കിൽ നിന്ന് 16 ലക്ഷം രൂപ ലോണെടുത്തു. മകൾ സജിതയുടെ കല്യാണത്തിനും വീട് അറ്റകുറ്റ പണികൾക്കുമായിരുന്നു ഇവര്‍ ലോണെടുത്തത്. 13 ലക്ഷം ഇതിനകം തിരിച്ചടച്ചു. കൊവിഡ് കാലത്ത് മകൻ്റെ ജോലി നഷ്ടപ്പെട്ടതോടെയാണ് തിരിച്ചടവ് മുടങ്ങി. 2023 ൽ വീട് ബാങ്ക് ജപ്തി ചെയ്തു. ടാർപ്പായ വലിച്ചുകെട്ടിയ ചായിപ്പിലായിരുന്നു അതിന് ശേഷം ഇവരുടെ താമസം. ഇപ്പോൾ ബാങ്ക് അധികൃതർ ഷെഡും പൊളിച്ച് മാറ്റിയതോടെ പെരുവഴയിലായിരിക്കുകയാണ് വയോധിക ദമ്പതികള്‍. 25 ലക്ഷമാണ് ബാങ്കില്‍ അടയ്ക്കേണ്ട കുടിശിക.
പരിയാരം മെഡിക്കൽ കോളേജിൽ ഡെൻ്റൽ അസിസ്റ്റൻ്റായി ജോലി ചെയ്യുകയാണ് മകൾ സജിത. ഇവരുടെ പേരിലുള്ള ലോണിന് ഈട് വച്ചതാണ് വീട്. ലോൺ തിരിച്ചടയ്ക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മകളെ സമീപിച്ചെങ്കിലും തിരിഞ്ഞ് നോക്കിയില്ലെന്ന് വൃദ്ധ ദമ്പതികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വഴിയോര കച്ചവടക്കാരനായ പത്മനാഭൻ അസുഖ ബാധിതനായി ചികിത്സയിലാണ്. മകൻ ഓട്ടോ ഓടിച്ച് കിടുന്ന തുച്ഛ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്.