
പാലക്കാട്: കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പുരസ്‌കാരം ഷോളയൂർ പൊലീസ് സ്റ്റേഷന് ലഭിച്ചു. 2022 -ലെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണിത്. മികച്ച ക്രമസമാധാനപാലനം, അന്വേഷണമികവ്, കേസുകള്‍ തീര്‍പ്പാക്കുന്നതിലുള്ള മികവ്, ജനക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിഹരിക്കല്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം. കേരള പൊലീസ് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ മികച്ച പത്ത് പൊലീസ് സ്റ്റേഷനുകളിൽ ഒന്നായും ഷോളയൂർ ഇടംപിടിച്ചു. 2022 ലെ പ്രവർത്തന മികവിനാണ് അംഗീകാരം.
തിരുവനന്തപുരത്തെ കേരള പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഷോളയൂർ പൊലീസിന് ഡി ജി പി അനിൽകാന്ത് പുരസ്കാരവും പ്രശംസാപത്രവും സമ്മാനിച്ചു. മികച്ച ക്രമസമാധാന പാലനം, അന്വേഷണ മികവ്,കേസുകൾ തീർപ്പാക്കുന്നതിലെ കാര്യക്ഷമത, ജനക്ഷേമപ്രവൃത്തികൾ, സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾ പരിഹരിക്കൽ എന്നിവ പരിഗണിച്ചാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. കേരള പൊലീസ് ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ ഡി ജി പി അനിൽകാന്തിൽ നിന്ന്
ഷോളയൂർ ഇൻസ്പെക്ടർ ടി കെ വിനോദ് കൃഷ്മൻ, എസ് ഐ അബ്ദുൽ ഖയ്യൂം സി പി ഒ മാരായ മണിയൻ, ബിനു എന്നിവർ ചേർന്നാണ് പുരസ്സാകാരം ഏറ്റുവാങ്ങിയത്.
രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുളള കേന്ദ്ര സർക്കാരിന്‍റെ അംഗീകാരം ഒറ്റപ്പാലം സ്റ്റേഷന്
അതേസമയം 2021 ൽ രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുളള കേന്ദ്ര സർക്കാരിന്‍റെ അംഗീകാരം ഒറ്റപ്പാലം പൊലീസ് സ്റ്റേഷന് ലഭിച്ചിരുന്നു. 2021 ലെ രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനായി ഒറ്റപ്പാലം പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് തിരഞ്ഞെടുത്തത്. കേസ് തീര്‍പ്പാക്കല്‍, അതിക്രമങ്ങള്‍ പരിഹരിക്കല്‍, ക്രമസമാധാന പാലനം തുടങ്ങിയവ പരിഗണിച്ചാണ് അന്ന് ഒറ്റപ്പാലം പൊലീസ് സ്റ്റേഷന് പുരസ്‌കാരം സ്വന്തമായത്. സത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിഹരിക്കുന്നതിലും ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍ മുന്നിട്ട് നിൽക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടികാട്ടിയിരുന്നു.