ഏതാണ്ട് അമ്പത് വയസിലേറെ പ്രായമുള്ളയാളാണ് മോഷ്ടാവ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോത്തൻകോട് പൊലീന് അറിയിച്ചു
തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം പോത്തൻകോടും പരിസര പ്രദേശങ്ങളിലും മോഷണം കൂടുന്നു. വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങളെക്കാൾ മോഷ്ടാക്കൾ ഇപ്പോൾ ലക്ഷ്യം വെയ്ക്കുന്നത് ആരാധനാലയങ്ങളെയാണ്. വ്യാഴാഴ്ച രാത്രി പോത്തൻകോട് പൊലീസ് സ്റ്റേഷന് ഏകദേശം ഒരു കിലോമീറ്റർ അകലെ അരിയോട്ടുകോണം ജംഗഷനിൽ സ്ഥാപിച്ചിരുന്ന അരിയോട്ടുകോണം തമ്പുരാർ ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി തകർത്ത് അതിൽ ഉണ്ടായിരുന്ന പണം അപഹരിച്ചു. ഇന്നലെ രാവിലെയാണ് നാട്ടുകാർ വിവരം അറിയുന്നത്. എന്നാൽ സമീപത്തെ സി സി ടി വി ക്യാമറയിൽ മോഷണത്തിനായി മോഷ്ടാവ് കാണിക്കവഞ്ചി തകർക്കുന്നതും മോഷ്ടാവിന്റെ മുഖവും വ്യക്തമായി പതിഞ്ഞു. ഏതാണ്ട് അമ്പത് വയസിലേറെ പ്രായമുള്ളയാളാണ് മോഷ്ടാവ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോത്തൻകോട് പൊലീന് അറിയിച്ചു.
രണ്ട് മാസം മുമ്പാണ് അവസാനമായി കാണിക്കവഞ്ചി തുറന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. സ്ഥലത്ത് വിരളടയാള വിദഗ്ദർ പരിശോധന നടത്തി. അരിയോട്ടു കോണത്ത് മോഷണം നടന്ന രാത്രിയിൽ കാട്ടായിക്കോണം കുന യിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന്റയും പട്ടാഴി ശിവക്ഷേ ത്രത്തിന്റെയും റോഡു വക്കുകളിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചികൾ തകർത്ത് പണം അപഹരിക്കാൻ ശ്രമം നടന്നു. അഞ്ച് ദിവസം മുമ്പ് അയിരുപ്പാറ ഫാർമേഴ്സ് ബാങ്ക് ഹെഡ് ഓഫിസിന് എതിർവശത്തെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള കൊഴ്ത്തൂർക്കോണം സെന്റ് ജോസഫ് ദേവാലയത്തിന്റെ സബ്സറ്റേഷനായ ഉണ്ണി ഈശോ ദേവാലയത്തിലും മോഷണം നടന്നിരുന്നു. ചർച്ചിലെ പ്രത്യേക അറയിൽ സൂക്ഷിച്ചിരുന്ന 20 ഗ്രാം സ്വർണവും കാണിക്കവഞ്ചികൾ കുത്തിതുറന്ന് പണവും കവർന്നു.
പോത്തൻകോട് പൊലീസ് സ്റ്റേഷന്റെ മൂക്കിന് താഴെ നടന്ന ഈ മോഷണത്തിന്‍റെ അന്വഷണവും എങ്ങുമെത്തിയില്ല. പ്രദേശത്ത് അടിക്കടിയുണ്ടാകുന്ന മോഷണങ്ങൾ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മുമ്പ് ഉണ്ടായിരുന്ന രാത്രിയിലെ പൊലീസ് പട്രോളിംഗ് പുനരാരംഭിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. സ്റ്റേഷനിൽ ആവശ്യത്തിന് വാഹന സൗകര്യം ഇല്ലാത്തതും ജീവനക്കാരുടെ കുറവും സ്റ്റേഷന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായി ഉദ്വേഗസ്ഥർ പറയുന്നു.

