സാമ്പത്തിക ക്രമക്കേട്; മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റിനെതിരെ യുഎന്‍എ നിയമനടപടിക്ക്

By Web TeamFirst Published Jul 7, 2019, 12:23 AM IST
Highlights

സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ പേരില്‍ സംസ്ഥാന വര്‍ക്കിങ് സെക്രട്ടറിയും എറണാകുളം ജില്ലാ പ്രസിഡന്റുമായ ബെല്‍ജോ ഏലിയാസ് പുളിയനെ യുഎന്‍എയുടെ അംഗത്വത്തില്‍ നിന്ന് പുറത്താക്കാനും തീരുമാനം.

തൃശൂര്‍: സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്നും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലും പുറത്താക്കപ്പെട്ട മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് സിബി മുകേഷിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ തീരുമാനം.  സിബി തട്ടിയെടുത്ത പണം തിരിച്ചു പിടിക്കാന്‍ നിയമനടപടി തേടുമെന്ന് യുഎന്‍എ യോഗത്തില്‍ തീരുമാനമായി.

നിരന്തരമായി സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ പേരില്‍ സംസ്ഥാന വര്‍ക്കിങ് സെക്രട്ടറിയും എറണാകുളം ജില്ലാ പ്രസിഡന്റുമായ ബെല്‍ജോ ഏലിയാസ് പുളിയനെ യുഎന്‍എയുടെ അംഗത്വത്തില്‍ നിന്ന് പുറത്താക്കാനും തൃശൂരില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
സംഘടനാ നേതൃത്വത്തിന്റെ അനുമതിയില്ലാതെ മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെയും സംഘടനാ തീരുമാനത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും നേരിട്ട് നടപടി എടുക്കാന്‍ സംസ്ഥാന കമ്മറ്റി അംഗീകാരം നല്‍കി. 

സംഘടനയെ തകര്‍ക്കാനുള്ള നീക്കങ്ങളെ നിയമപരമായും സംഘടനാ പരമായും നേരിടും. നിലവിലുള്ള കേസുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനും തീരുമാനമായി. വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി മരവിപ്പിച്ച നടപടി അംഗീകരിക്കാനും ജില്ലാ ജനറല്‍ കൗണ്‍സില്‍ വിളിച്ച് പുനഃസംഘടിപ്പിക്കുവാനും തീരുമാനിച്ചു.

സംഘടനാ പഠന ക്യാമ്പുകള്‍ നടത്തും. എന്‍യുഐഡി രജിസ്‌ട്രേഷന്‍ വിഷയം, കേരള നഴ്‌സിങ് കൗണ്‍സില്‍ അധികാര കൈമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ഹൈക്കോടതിയെ സമീപിക്കും. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള ഹോസ്പിറ്റലുകളില്‍ മുന്‍കാല പ്രാബല്യവും നിലവിലെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പളവും ആനുകൂല്യങ്ങളും  ഉറപ്പുവരുത്താനും ഹൈക്കോടതിയില്‍ അടിയന്തിരമായി റിട്ട് ഫയല്‍ ചെയ്യും. ബ്രെയ്ന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുഎന്‍എ പ്രവര്‍ത്തകന്‍ ലിജോ ഫ്രാന്‍സിസിന് യോഗ തീരുമാനപ്രകാരം അടിയന്തിര ചികിത്സാ സഹായമായി 50,000 രൂപ കൈമാറി. സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ഈ മാസം 20 ന് ചേരും.

click me!