
തിരുവനന്തപുരം: അകാലത്തിൽ വിടപറഞ്ഞ സഹപാഠിയുടെ കുടുംബത്തെ സഹായിക്കാൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ കലാകാരന്‍മാരടക്കമുള്ള പൂർവ വിദ്യാർത്ഥികള്‍ ഒന്നിക്കുന്നു. ഫ്രണ്ട്സ്ഃ ഫെസ്റ്റിവൽ ഓഫ് ആർട് അന്‍ഡ് ലൗ എന്ന പേരിൽ ജനുവരി 25 ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ കലയുടെയും സ്നേഹത്തിന്‍റെയും ഫ്രണ്ട്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചാണ് സംഗീതസംവിധായകൻ ജാസി ഗിഫ്ട് ഉൾപ്പെടെയുള്ള യൂണിവേഴ്സിറ്റി കോളജിലെ പൂർവ വിദ്യാർത്ഥികൾ സംഗമിക്കുന്നത്.
1996-2001 കാലഘട്ടത്തിൽ യൂണിവേഴ്സിറ്റി കോളജിൽ പഠിച്ച അലൻ വെസ്ലിയാണ് അകാലത്തില്‍ മരിച്ചത്. അലന്‍റെ കുടുംബത്തിന്‍റെ ദുരിതങ്ങള്‍ അറിഞ്ഞതോടെയാണ് കോളജിലെ പൂർവ വിദ്യാർത്ഥികള്‍ ഇത്തരത്തിൽ ഒന്നിക്കാന്‍ തീരുമാനിച്ചത്. അലന്‍റെ കുടുംബത്തെ സഹായിക്കാൻ ഒറ്റയ്ക്കും കൂട്ടായും കഴിയുന്ന തുക ഇതിനകം ശേഖരിച്ചുകഴിഞ്ഞു. അതിനുപുറമെയാണ് സൗഹൃദ സന്ധ്യയും കലാവിരുന്നും സംഘടിപ്പിച്ച് കൂടുതൽ തുക സമാഹരിക്കുന്നത്.
ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്ടാണ് പ്രോഗ്രാം കോർഡിനേറ്റ് ചെയ്യുന്നത്. 25 ന് വൈകുന്നേരം 5.30 തുടങ്ങുന്ന പരിപാടിയിൽ ഗായകരും നർത്തകരും മിമിക്രി താരങ്ങളും അഭിനേതാക്കളും പങ്കെടുക്കും. വൈവിധ്യമുള്ള കലാമേള ഒരുക്കുകയാണ് ലക്ഷ്യമെന്ന് ജാസി ഗിഫ്ട് പറഞ്ഞു.
പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മ തയ്യാറാക്കിയ സുവനീറിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും. മന്ത്രിമാർ, എംഎൽഎമാർ,തദ്ദേശ സ്ഥാപന പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങി നിരവധി പേർ പരിപാടികളിൽ പങ്കെടുക്കും. സൗഹൃദത്തിന് മതിലുകളോ അതിരുകളോ ഇല്ലെന്ന് പ്രഖ്യാപിക്കുന്നതാണ് യൂണിവേഴ്സിറ്റി കോളജിനെ എക്കാലാത്തും വേറിട്ട കലാശാലയാക്കുന്നതെന്നും അതിന് ഉത്തമ ഉദാഹരണമാണ് അലൻ വെസ്ലിയുടെ കുടുബത്തെ സാഹായിക്കുന്നതിന് പൂർവ വിദ്യാർത്ഥികളിൽ നിന്നുണ്ടായ സഹായ സഹകരണമെന്നും ജാസി ഗിഫ്ട് ചൂണ്ടികാട്ടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam