ആലപ്പുഴയില്‍ ഹൗസ്ബോട്ടിന് തീപിടിച്ചു; യാത്രക്കാര്‍ വെള്ളത്തില്‍ ചാടി

By Web TeamFirst Published Jan 23, 2020, 4:26 PM IST
Highlights

കരയിൽ നിൽക്കുന്നവരാണ് ഹൗസ് ബോട്ടിൽ നിന്ന് തീ ഉയരുന്ന കാഴ്ച കണ്ടത്

ആലപ്പുഴ: മുഹമ്മയിലെ പാതിരാമണലിനു സമീപം ഹൗസ് ബോട്ടിനു തീ പിടിച്ചു. 100 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന വലിയ ഹൗസ്ബോട്ടിനാണ് തീ പിടിച്ചത്. തീപിടിച്ചതോടെ ബോട്ടിൽ യാത്ര ചെയ്തിരുന്ന ആളുകളിൽ ചിലർ വെള്ളത്തിലേക്ക് എടുത്തു ചാടി രക്ഷപ്പെടുകയായിരുന്നു.

കണ്ണൂർ മട്ടന്നൂർ സ്വദേശികളായ 13 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ആറ് സ്ത്രീകളും നാല് പുരുഷന്മാരും മൂന്ന് കുട്ടികളും. കോട്ടയം കുമരകത്ത് നിന്ന് ഓഷ്യാനോ എന്ന ബോട്ടിലായിരുന്നു ഇവരുടെ യാത്ര. കരയിൽ നിൽക്കുന്നവരാണ് ഹൗസ് ബോട്ടിൽ നിന്ന് തീ ഉയരുന്ന കാഴ്ച കണ്ടത്. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഇതിനിടെ തീപിടുത്തത്തിൽ നിന്ന് രക്ഷ നേടാനായി പല യാത്രക്കാരും വെള്ളത്തിലേക്ക് ചാടുകയായിരുന്നു. 

കരയിൽ നിന്ന് സ്പീഡ് ബോട്ടുകളും രക്ഷാ പ്രവർത്തനത്തിനായി എത്തി. തീ പിടുത്തമുണ്ടായ ഹൗസ് ബോട്ടിനരികെ മറ്റ് ഹൗസ് ബോട്ടുകൾ ഉണ്ടായിരുന്നെങ്കിലും തീ പടരുമോ എന്ന ഭയം മൂലം അവർ അടുത്തില്ല. ബോട്ടിൽ ഉണ്ടായിരുന്ന വിനോദ സഞ്ചാരികളെ സ്പീഡ് ബോട്ടുകളിൽ മുഹമ്മ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.  ജല ഗതാഗത വകുപ്പിന്‍റെ ബോട്ടിലെ ജീവനക്കാരും ടൂറിസം പൊലീസിന്‍റെ സ്പീഡ് ബോട്ടുകള്‍ അടക്കം സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയത്.

യാത്രക്കാർ വെള്ളത്തിലേക്ക് ചാടിയെങ്കിലും ഹൗസ് ബോട്ട് കായലിലൂടെ ഒഴുകി നീങ്ങി. തീപിടുത്തം ഉണ്ടാവുന്നത് കണ്ടതോടെ ഫെറി ബോട്ടുകൾ ഓടിയടുത്ത് രക്ഷാപ്രവർത്തനം നടത്തി. ബോട്ടിൽ ഉണ്ടായിരുന്നവർക്ക് ലൈഫ് ജാക്കറ്റുകൾ ഉണ്ടായിരുന്നു . ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് വിലയിരുത്തൽ.

click me!