
ആലപ്പുഴ: ആലപ്പുഴ കുമാരപ്പുരത്തെ ക്ഷീര കർഷകയുടെ കൂടുതൽ പശുക്കൾക്ക് അജ്ഞാത രോഗം. രോഗം ബാധിച്ച് മൂന്നു പശുക്കൾ ചത്തതിന് പിന്നാലെയാണ് കൂടുതൽ പശുക്കൾക്ക് രോഗലക്ഷണങ്ങൾ കണ്ടത്. ഇരുപതു വർഷത്തിലധികമായി ക്ഷീര കർഷകയാണ് ഭാമിനി അമ്മ. പന്ത്രണ്ട് പശുക്കളിൽ മൂന്നെണ്ണം കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ചത്തു. ഇപ്പോൾ അഞ്ചെണ്ണത്തിന് കൂടി അജ്ഞാത രോഗം പിടിപെട്ടിരിക്കുകയാണ്. പശുക്കളുടെ വയർ ഗ്യാസ് വന്ന് വീർത്തിരിക്കുകയാണ്. പാലും കിട്ടാതായി. ദഹന പ്രശ്നമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. പക്ഷേ എന്ത് കഴിക്കുന്നതാണ് കാരണമെന്ന് കണ്ടെത്താനായിട്ടില്ല. രക്തം ഉൾപ്പടെ സാന്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം വൈകുന്നത് കൂടുതൽ പശുക്കളുടെ ജീവൻ അപകടത്തിലാക്കുമെന്ന ആശങ്കയിലാണ് കർഷകർ.