
കോഴിക്കോട്: പഞ്ചായത്ത് ഓഫീസിന്റെ ഇരുമ്പ് ഗ്രില്ലും വാതിലും പൂട്ടിയ പൂട്ടിനുള്ളില്‍ പൂഴി നിറച്ച് അജ്ഞാതന്‍. കോഴിക്കോട് ആയഞ്ചേരി ഓഫീസിലാണ് വാതില്‍ തുറക്കാന്‍ കഴിയാത്ത വിധം അജ്ഞാതന്‍ മണല്‍ പ്രയോഗം നടത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വാതില്‍ തുറക്കാന്‍ കഴിയാതായതോടെ ഓഫീസിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ മണിക്കൂറുകള്‍ വൈകി.
രാവിലെ പതിവുപോലെ ജീവനക്കാര്‍ എത്തി വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് പൂട്ടില്‍ നിറയെ മണല്‍ നിറച്ചതായി കണ്ടത്. തുടര്‍ന്ന് നാദാപുരം പൊലീസില്‍ വിവരം അറിയിച്ചു. എസ്‌ഐയും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മണല്‍ നിറച്ച പുറം വശത്തെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ട് വലിയ ഹാമ്മര്‍ ഉപയോഗിച്ച് തകര്‍ത്ത് അകത്ത് കടന്നെങ്കിലും ഓഫീസിന്റെ വാതിലിലെ പൂട്ടിലും സമാന രീതിയില്‍ മണല്‍ നിറച്ചിരുന്നു. വാതിലിന് കേടുപാട് സംഭവിക്കാതിരിക്കാന്‍ പുറത്തു നിന്ന് വെല്‍ഡിംഗ് ജോലിക്കാരനെ എത്തിച്ചാണ് ഈ പൂട്ട് മുറിച്ചു മാറ്റിയത്. പെരുന്നാള്‍ അവധിയും ഞായറാഴ്ചയും ആയതിനാല്‍ രണ്ട് ദിവസം ഓഫീസ് പ്രവര്‍ത്തിച്ചിരുന്നില്ല. ഈ ദിവസങ്ങളിലായിരിക്കാം സംഭവം നടന്നതെന്നാണ് കരുതുന്നത്. സ്ഥാപനത്തില്‍ സിസിടിവി സ്ഥാപിച്ചിട്ടില്ല. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഈ അതിക്രമത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.