നടത്തിപ്പിലെ അശാസ്ത്രീയത; പാര് നിക്ഷേപ പദ്ധതി പാളുന്നതായി ആക്ഷേപം

By Web TeamFirst Published Apr 16, 2021, 5:26 PM IST
Highlights

ഒന്നാം ഘട്ടത്തിൻറെ ഭാഗമായി  നേരത്തെ നിക്ഷേപിച്ച പാരുകൾ തീരത്തോട് ചേർന്ന് ആഴം കുറഞ്ഞ ഭാഗങ്ങളിൽ ആയതാണ്  വേണ്ടത്ര പ്രയോജനം ലഭിക്കാതെ പോകാൻ കാരണമെന്നാണ്  മത്സ്യത്തൊഴിലാളികൾ പറയുന്നത്...

തിരുവനന്തപുരം: കടലിൽ കൃത്രിമ ആവാസ വ്യവസ്ഥയൊരുക്കി മത്സ്യ ലഭ്യത ഉറപ്പ് വരുത്താനുള്ള പാര് നിക്ഷേപ പദ്ധതി,  നടത്തിപ്പിലെ അശാസ്ത്രീയത കാരണം പാളുന്നതായി ആക്ഷേപം. രണ്ടാം ഘട്ട നിക്ഷേപത്തിനുള്ള റീഫ് (പാര്) നിർമ്മാണം പൂർത്തിയായതായി  അധികൃതർ അറിയിക്കുന്നതിനിടെയാണ് കടലിൽ പാര് നിക്ഷേപിക്കുന്നതിലെ അശാസ്ത്രീയതയെ കുറിച്ചുള്ള ആക്ഷേപം ഉയരുന്നത്.

ഒന്നാം ഘട്ടത്തിൻറെ ഭാഗമായി  നേരത്തെ നിക്ഷേപിച്ച പാരുകൾ തീരത്തോട് ചേർന്ന് ആഴം കുറഞ്ഞ ഭാഗങ്ങളിൽ ആയതാണ്  വേണ്ടത്ര പ്രയോജനം ലഭിക്കാതെ പോകാൻ കാരണമെന്നാണ്  മത്സ്യത്തൊഴിലാളികൾ പറയുന്നത്. തീരത്ത് നിന്ന് മാറി അഞ്ച് കിലോമീറ്ററോളം ചുറ്റളവിൽ  ശക്തമായ തിരയടിയുള്ള ഭാഗത്ത് റീഫുകൾ നിക്ഷേപിച്ചതാണ് തിരിച്ചടിയായത്. 

ഒരു വർഷം മുമ്പ് സ്കൂബാ ഡൈവിംഗ് സംഘത്തെ ഉപയോഗിച്ച് അധികൃതർ നടത്തിയ പരിശോധനയിൽ  ഇത് കണ്ടെത്തിയിരുന്നതായും തീരത്ത് നിന്ന് കുറഞ്ഞത് പതിനഞ്ച് കിലോമീറ്റർ  ഉള്ളിൽ ഉൾക്കടലിൽ ഇരുപത് മീറ്റർ വരെ  ആഴമുള്ള ഭാഗങ്ങളിൽ പാര് നിക്ഷേപിച്ചാലെ ഉദ്ദേശിക്കുന്ന ഫലം ലഭിക്കൂവെന്നുമാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. 

പരിചയസമ്പന്നരായ മത്സ്യതൊഴിലാളികളുടെ അഭിപ്രായം പോലും ആരായാതെ തോന്നിയപോലെ പാര് നിക്ഷേപിക്കുകയായിരുന്നുവെന്നാണ്  ആക്ഷേപം. സിമൻ്റും കമ്പിയും ഉപയോഗിച്ച് നിർമ്മിക്കുന്ന പാരുകൾ കടലിൽ നിക്ഷേപിക്കുന്നതിലൂടെ രൂപപ്പെടുന്ന കൃത്രിമ ആവാസ മേഖലയിൽ ചെറു മത്സ്യ ഇനങ്ങളായ ചാള, അയല, കൊഴിയാള തുടങ്ങിയവയുടെ ലഭ്യത വർദ്ധിക്കും. ഇതുവഴി മത്സ്യ തൊഴിലാളികളുടെ വരുമാനം
വർദ്ധിപ്പിക്കലാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ‌

ലക്ഷങ്ങൾ മുടക്കിയുള്ള ഈ കൃതൃമ പാര് പദ്ധതി നടപ്പിലാക്കുന്നത് തീരദേശ വികസന കോർപ്പറേഷനാണ്. കേരളത്തിൻ്റെ അതിർത്തിയായ കൊല്ലംങ്കോട്, പരുത്തിയൂർ, പൂവാർ, കൊച്ചു തുറ പുതിയ തുറ, അടിമലത്തുറ. വലിയതുറ ഉൾപ്പെടുന്ന വിവിധ മേഖലകളിൽ  ഇരുന്നൂറ് റീഫുകൾ വീതമാണ് കടലിൽ  നിക്ഷേപിക്കുന്നത്. രണ്ടാം ഘട്ടത്തിൽ നിക്ഷേപിക്കാനുള്ള പാരുകളുടെ നിർമ്മാണം വിഴിഞ്ഞം തുറമുഖത്ത് പൂർത്തിയായിക്കഴിഞ്ഞു. 

ഇവ ക്രെയിനിൻ്റെ സഹായത്തോടെ ബോട്ടുകളിൽ  കയറ്റി കടലിൽ  നിശ്ചിത ഇടങ്ങളിൽ  നിക്ഷേപിക്കും. ആഴ്ചകൾക്ക് ശേഷം എക്കോ സൗണ്ടറും ജിപിഎസും ഉപയോഗിച്ച് പാര് നിക്ഷേപിച്ച മേഖല കണ്ടെത്തി മത്സ്യലഭ്യത ഉറപ്പുവരുത്തിയാണ് മത്സ്യതൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്നത്. സിമൻറും കമ്പിയുമടക്കമുള്ള വസ്തുക്കൾ കൃത്യമായ അളവിൽ ഉപയോഗിച്ച് നിർമ്മിക്കുന്ന റീഫുകൾക്കെ കടലിലെ പ്രതിബന്ധങ്ങളെ അതിജീവിച്ച് കൃതൃമ ആവാസവ്യവസ്ഥ  സൃഷ്ടിക്കാനാവൂ. അതുകൊണ്ടുതന്നെ പാരുകൾ കൃത്യമായ അളവിൽ ശാസ്ത്രീയമായി തന്നെ നിർമ്മിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മത്സ്യതൊഴിലാളികൾ  പറഞ്ഞു.

click me!