
തിരുവനന്തപുരം: ഊരൂട്ടമ്പലത്ത് നിന്നും 11 വർഷം മുമ്പ് കാണാതായ വിദ്യ കൊല്ലപ്പെട്ട വിവരം പൊലീസ് അമ്മ രാധയെ അറിയിച്ചത് കഴിഞ്ഞ ദിവസം. എന്നാൽ, കൊച്ചു മകള്‍ ഗൗരി ഇനി മുത്തശ്ശിയെ കാണാന്‍ ഒരിക്കലും വരില്ലെന്ന കാര്യം ഈ അമ്മ ഇനിയും അറിഞ്ഞിട്ടില്ല. ഇനിയൊരിക്കലും തിരിച്ചുവരാത്ത കൊച്ചു മകളുടെ പേരില്‍ കഴിഞ്ഞ ദിവസവും രാധ എല്‍ഐസി പ്രീമിയം അടച്ചു. ഗൗരി മോള്‍ മരിച്ചത് ഇനിയും രാധയെ അറിയിച്ചിട്ടില്ല. എന്നെങ്കിലും തന്‍റെ കൊച്ചുമകളെങ്കിലും മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഈ മുത്തശ്ശി ഇന്നും എല്‍ഐസി പ്രീമിയം മുടങ്ങാതെ അടയ്ക്കുന്നത്. ദിവ്യയെയും മകളെയും കൊലപ്പെടുത്തിയെന്ന് മാഹിന്‍കണ്ണ് പൊലീസിനോട് സമ്മതിച്ച ദിവസമായിരുന്നു രാധ കൊച്ചുമകളുടെ പ്രീമിയം അടക്കാന്‍ പോയത്.
ഒടുവില്‍, റൂറല്‍ എസ്പി ഓഫീസിലെത്തിച്ച് മരിച്ച് കിടക്കുന്ന മകള്‍ വിദ്യയുടെ ഫോട്ടോ കാണിച്ച് കൊടുത്തതോടെ ഈ അമ്മ തലകറങ്ങി വീണു. കടുത്ത ഹൃദ്രോഗിയായ രാധയോട് ഗൗരി മോളെയും മാഹിന്‍കണ്ണ് കൊന്നു കളഞ്ഞെന്ന് പറയാനുള്ള മനോധൈര്യം പക്ഷേ, ആര്‍ക്കുമുണ്ടായില്ല. അതറിഞ്ഞാല്‍ രാധയ്ക്ക് എന്ത് സംഭവിക്കുമെന്ന പേടിയാണ് എല്ലാവര്‍ക്കും. ടിവിയും പത്രവും കാണാതെ വിദ്യ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് ഈ അമ്മ ഇപ്പോഴും വിശ്വസിക്കുന്നു.
മകളെ കൊന്ന മാഹിന്‍കണ്ണിനെ തനിക്ക് കാണണമെന്നാണ് രാധ ആവശ്യപ്പെടുന്നത്. മകളെ ഒന്നും ചെയ്യരുതെന്ന് പലതവണ കാലുപിടിച്ച് കരഞ്ഞിട്ടും കൊന്നുകളഞ്ഞല്ലോയെന്ന് പറഞ്ഞാണ് രാധയുടെ നിലവിളി. വിദ്യയെയും കുഞ്ഞിനെയും കാണാതായ വിഷമത്തില്‍ ഭര്‍ത്താവ് നേരത്തെ ആത്മഹത്യ ചെയ്തതോടെ രാധ ഇപ്പോള്‍ തനിച്ചാണ്. പ്രായമേറെയായെന്നും തനിക്കിനി വീട്ടുജോലിക്കൊന്നും പോകാന്‍ കഴിയില്ലെന്നും ജീവിതം എങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയില്ലെന്നും രാധ കൂട്ടിച്ചേര്‍ക്കുന്നു.
മകളുടെ തിരോധാനത്തിന് ഉത്തരം തേടി അച്ഛനും അമ്മയും പൊലീസ് സ്റ്റേഷനുകള്‍ കയറി ഇറങ്ങിയപ്പോള്‍ മഹിന്‍കണ്ണ് അമ്മ രാധയെയും അച്ഛന്‍ ജയചന്ദ്രനെയും വിളിച്ച് പൂവാറിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ഇരുവരെയും കൊല്ലാന്‍ പദ്ധതിയിട്ടായിരുന്നെന്ന് അന്വേഷണ സംഘം വിലയിരുത്തി. 2011 ആഗസ്ത് 22 നായിരുന്നു ഇരുവരോടും പൂവാറിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്. മഹിന്‍കണ്ണിനെതിരെ തെളിവുണ്ടായിട്ടും പൊലീസ് ആദ്യകാലത്ത് കേസ് അന്വേഷണം വൈകിപ്പിച്ചതും വാര്‍ത്തയായിരുന്നു. പൊലീസിന് കൈക്കൂലി കൊടുത്ത് കിടപ്പാടം പോയെന്ന് വിദ്യയുടെ അമ്മ ന്യൂസ് അവര്‍ ചര്‍ച്ചക്കിടെ കരഞ്ഞ് പറഞ്ഞത് ഏറെ വിവാദമായിരുന്നു.
കൂടുതല്‍ വായനയ്ക്ക്: കരയ്ക്കടിഞ്ഞ മൃതദേഹങ്ങൾ മാഹിൻ ആശുപത്രിയിലെത്തി കണ്ടു, കുറ്റബോധമില്ലാതെ തിരിച്ചിറങ്ങി; കുറ്റസമ്മതം നടത്തി പ്രതി
കൂടുതല്‍ വായനയ്ക്ക്: ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകം:വിദ്യയുടെ അച്ഛനെയും അമ്മയെയും കൊല്ലാന്‍ പ്രതി മാഹിന്‍കണ്ണ് പദ്ധതിയിട്ടെന്ന് സംശയം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam