പരിമിതികളെ മറികടന്ന് 'സൃഷ്ടി'; ഭിന്നശേഷിക്കാരുടെ കൃഷിയിടം സന്ദര്‍ശിച്ച് വി എസ് സുനില്‍ കുമാര്‍

By Web TeamFirst Published Feb 24, 2020, 7:03 PM IST
Highlights

തോട്ടം മേഖലയില്‍ താമസിക്കുന്ന ഭിന്നശേഷിക്കാരുടെ കൃഷിയിടം സന്ദര്‍ശിച്ച് മന്ത്രി വി എസ് സുനില്‍ കുമാര്‍. 

ഇടുക്കി: മൂന്നാറിലെ ടാറ്റാ കമ്പനിയുടെ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭാഗമായുള്ള 'സൃഷ്ടി'യില്‍ സന്ദര്‍ശനം നടത്തി മന്ത്രി വി എസ് സുനില്‍ കുമാര്‍. മൂന്നാറിലെ തോട്ടം മേഖലയില്‍ താമസിക്കുന്ന ഭിന്നശേഷിക്കാരായവരുടെ ഒരു ഇടത്താവളമാണ് 'സൃഷ്ടി'. 'സൃഷ്ടി'യില്‍ പകല്‍ സമയങ്ങളില്‍ എത്തുന്ന ഭിന്നശേഷിക്കാരുടെ നേതൃത്വത്തില്‍ കൃഷി ചെയ്തിട്ടുള്ള പച്ചക്കറികള്‍ കാണാനാണ് മന്ത്രി എത്തിയത്.

കൃഷിക്ക് പുറമെ അംഗവൈകല്യമുള്ളവരുടെ നേതൃത്വത്തില്‍ വിവിധ ഉല്‍പന്നങ്ങളും ഇവിടെ നിര്‍മ്മിക്കുന്നുണ്ട്.  ബേക്കറി, തുണിത്തരങ്ങള്‍, നാച്ച്യുറല്‍ ഡൈ, തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് പുറമെ പൂന്തോട്ടമൊരുക്കുന്നതിലും ഇവര്‍ ഏറെ താല്‍പര്യം പ്രകടിപ്പിക്കുന്നു. തോട്ടം മേഖലയില്‍ പണിചെയ്യുന്നവര്‍ക്ക് നല്‍കുന്നതുപോലെ ഇവര്‍ ചെയ്യുന്ന തൊഴിലിനും ഇവിടെ വേതനമുണ്ട്. കമ്പനികളുടെ മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നു. നിലവില്‍ 117 പേരാണ് അംഗവൈകല്യങ്ങളുടെ പരിമിതികളെ മറികടന്ന് ദിവസവും ഇവിടെ എത്തുന്നത്. ഇവര്‍ക്കായി പ്രത്യേകം പരിശീലനം നല്‍കാനും ഇവിടെ ആളുകളുണ്ട്. അംഗവൈകല്യമുള്ള 40തോളം കുട്ടികളും ഇവിടെ പഠനം നടത്തുന്നുണ്ട്.  

ഇവര്‍ക്കായി പ്രത്യേക യാത്ര സൗകര്യങ്ങളും ട്രസ്റ്റിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ മുതല്‍ വൈകിട്ടുവരെ ഓരോരുത്തര്‍ക്കും കഴിയുന്ന ജോലികള്‍ ഇവര്‍ ഇവിടെ ചെയ്യുന്നു. ആദ്യമായി തങ്ങളെ കാണാനെത്തിയ മന്ത്രിക്കും മികച്ച സ്വീകരണമാണ് ഇവര്‍ ഒരുക്കിയത്.

click me!