കത്തിവീശി പേടിപ്പിച്ച് കൈവിലങ്ങുമായി കടന്ന യുവാവിനെ അതിവേഗം പിടികൂടി വടക്കഞ്ചേരി പൊലീസ്; രക്ഷപ്പെടാൻ സഹായിച്ച അഞ്ച് പേരും പിടിയിൽ

Published : Jan 01, 2026, 08:39 AM IST
man escaped with handcuffs

Synopsis

തൃശൂരിൽ കൈവിലങ്ങോടെ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട കൊലപാതകശ്രമ കേസിലെ പ്രതി രാഹുലിനെ കോയമ്പത്തൂരിൽ വെച്ച് പിടികൂടി. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച അഞ്ച് പേരെയും വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തൃശൂർ: കത്തിവീശി പേടിപ്പിച്ച് കൈവിലങ്ങോടെ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട കൊലപാതകശ്രമ കേസിലെ പ്രതി ഒടുവിൽ കോയമ്പത്തൂരിൽ വെച്ച് പിടിയിലായി. നിരവധി കേസുകളിലെ പ്രതി മഞ്ഞപ്ര വടക്കേതിൽ രാഹുലാണ് (അപ്പു 28) പിടിയിലായത്. വടക്കഞ്ചേരി പൊലീസാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരെ വടക്കഞ്ചേരി പൊലീസ് കണ്ടെത്തി.തുടർന്ന് അതിവേഗം രാഹുലിനെ പിടികൂടുകയായിരുന്നു. രക്ഷപ്പെടാൻ സഹായിച്ച അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കഞ്ചേരി സ്വദേശികളായ സഫർ (36), അനസ് (26), ഇരട്ടക്കുളം സ്വദേശി ജിബിൻ (25), കണ്ണന്നൂർ സ്വദേശി ജലാലുദ്ദീൻ (20), കോയമ്പത്തൂർ സ്വദേശി അൻവർ(30) എന്നിവരാണ് രാഹുലിനെ സഹായിച്ചതിന് അറസ്റ്റിലായത്.

നവംബർ 27 ന് മണ്ണുത്തി സ്റ്റേഷനിൽ രാഹുലിന്‍റെ പേരിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമ കേസിൽ പിടികൂടാനായി മണ്ണുത്തി പൊലീസ് തിങ്കളാഴ്ച വടക്കഞ്ചേരിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. രാഹുൽ പൊലീസിനു നേരെ കത്തിവീശി പരിഭ്രാന്തി സൃഷ്ടിച്ച് നിൽക്കുന്നതിനിടെ സഫർ ബൈക്കിൽ രാഹുലിനെ രക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കണ്ണമ്പ്രയിൽ നിന്ന് അനസ് രാഹുലിനെ കാറിൽ കയറ്റി ഇരട്ടക്കുളത്ത് ജിബിന്റെ അടുത്ത് എത്തിച്ചു. ജിബിൻ രാഹുലിനെ കണ്ണന്നൂരിൽ ജലാലുദ്ദീന്റെ വീട്ടിലെത്തിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ വെച്ച് ജലാലുദ്ദീൻ രാഹുലിന്റെ കൈവിലങ്ങ് കട്ടറുപയോഗിച്ച് മുറിച്ച് മാറ്റുകയും തുടർന്ന് മൂവരും കൂടി കോയമ്പത്തൂരിൽ അൻവറിന്റെ അടുത്തേക്ക് പോവുകയായിരുന്നു. രാഹുൽ അൻവറിന്റെ സഹായത്തോടെ ഒളിവിൽ കഴിയുന്നതിനിടെ വടക്കഞ്ചേരി പൊലീസ് ഇവിടെയെത്തി പിടികൂടി. പീച്ചിയിലും മണ്ണുത്തിയിലുമായി രാഹുലിന്റെ പേരിൽ എട്ട് കേസുകളുണ്ട്. സഫർ, അനസ്, ജലാലുദ്ദീൻ, അൻവർ തുടങ്ങിയവരുടെ പേരിലും വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്.

ആലത്തൂർ ഡിവൈഎസ്പി ആർ മനോജ് കുമാർ, വടക്കഞ്ചേരി സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ പി ബെന്നി, എസ്‌ഐമാരായ ഫാദിൽ റഹ്മാൻ, പി സി സനീഷ്, പി ശ്രീധർ, കെ എ ഷാജു, എഎസ്‌ഐമാരായ ബ്ലസൺ ജോസ്, ദിലീപ് കുമാർ, സിപിഒ മാരായ ജി ഭവീഷ്, കെ ലൈജു, ജോൺ ക്രൂസ്, റിയാസുദ്ദീൻ,ദേവദാസ്, ഹോംഗാർഡ് അഫ്‌സൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റോഡിൽ കുഴി, ടോറസ് ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു; ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം
ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ പരിശോധന ശിക്ഷാര്‍ഹ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമന്ന് മലപ്പുറം ഡിഎംഒ