
കല്‍പ്പറ്റ: പുതിയ വാഹനം വാങ്ങുമ്പോള്‍ താത്കാലിക നമ്പര്‍ കിട്ടിയിരുന്നെങ്കിലും സ്ഥിരം നമ്പറിന് വേണ്ടിയുള്ള നൂലാമാലകള്‍ ഒരുപാട് സഹിക്കേണ്ടി വന്നവര്‍ നിരവധിയുണ്ട്. എന്നാല്‍, വാഹനം രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് തന്നെ സ്ഥിരം നമ്പര്‍ വാഹന ഉടമക്ക് നല്‍കുന്ന പരിഷ്കാരം നടപ്പാക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
വാഹന്‍സാരഥി എന്ന സോഫ്റ്റ് വെയറാണ് ഉദ്യോഗസ്ഥരെ ഇക്കാര്യത്തില്‍ സഹായിക്കുന്നത്. രാജ്യത്ത് ഏകീകൃതമായി നടപ്പിലാക്കുന്നതിനാല്‍ നിമിഷം കൊണ്ട് വ്യാജ നമ്പറുകാരെ പിടികൂടാനും കഴിയും. സോഫ്റ്റ് വെയര്‍വഴിയുള്ള കേരളത്തിലെ ആദ്യ രജിസ്‌ട്രേഷന്‍ കൊടുവള്ളിയിലായിരുന്നു.
രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കെല്ലാം അപ്പോള്‍ തന്നെ സ്ഥിരം നമ്പര്‍ അടക്കമുള്ള ആര്‍സി ബുക്കുകള്‍ കൈമാറി. ചടങ്ങില്‍ ജോയിന്റ് ആര്‍ടിഒ നിഷ കെ. മോനി, അസിസ്റ്റന്റ് മോട്ടോര്‍ ഇന്‍സ്‌പെക്ടര്‍മാരായ വി എസ് സൂരജ്, ജെസി, എച്ച് എ ഷീബി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വാഹന്‍സാരഥി പ്രാവര്‍ത്തികമായതോടെ രാജ്യത്തെവിടെയും താത്കാലിക രജിസ്റ്റര്‍ നമ്പറില്‍ ഓടിക്കുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന് കഴിയും.
പെരുമ്പാവൂര്‍ ജോയിന്‍റ് ആര്‍ടിഒ ഓഫീസ് പരിധിയില്‍ താത്കാലിക രജിസ്‌ട്രേഷന്‍ നടത്തി വര്‍ഷങ്ങളായിട്ടും സ്ഥിരം നമ്പര്‍ വാങ്ങാത്ത വാഹന ഉടമകളെ വാഹന്‍സാരഥി സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കണ്ടെത്തിയിരുന്നു. ഒരു മാസത്തിനുള്ളില്‍ സ്ഥിരം രജിസ്‌ട്രേഷന്‍ നടത്തണമെന്നാണ് നിയമം അനുശാസിക്കുന്നത്.
വാഹന്‍സാരഥി വഴി രാജ്യത്ത് എവിടെ നിന്നും ലൈസന്‍സ് എടുക്കാമെന്നതും മറ്റൊരു ഗുണമാണ്. മാത്രമല്ല വ്യാജ ലൈസന്‍സ് ഉപയോഗിച്ച് നിരവധി ഇതര സംസ്ഥാന ഡ്രൈവര്‍മാര്‍ കേരളത്തിലെത്തുന്നുണ്ട്. പഴയ രീതിയായിരുന്നെങ്കില്‍ ഇവയെല്ലാം കണ്ടെത്തുക പ്രയാസമാണെന്ന് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
എന്നാല്‍, വാഹന്‍സാരഥി വഴി വാഹനങ്ങളുടെ വ്യാജ രേഖകളും വ്യാജ ലൈസന്‍സും കണ്ടെത്താന്‍ കഴിയും. ഫാന്‍സി നമ്പറുകള്‍ ലേലത്തിനിടുന്ന വകയില്‍ സര്‍ക്കാരിന് വലിയ വരുമാനമാണ് ലഭിക്കാറുള്ളത്. വാഹന്‍ സാരഥി സോഫ്റ്റ്‍വെയര്‍ വന്നതോടെ ഈ വരുമാനം വര്‍ധിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങള്‍ അറിയാന്‍ കഴിയാത്തതിനാല്‍ ഒത്തുകളി അവസാനിക്കും. ഇതോടെ യഥാര്‍ഥ ലേല തുക സര്‍ക്കാരിന് ലഭിക്കുകയും ചെയ്യും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam