
തിരുവനന്തപുരം: വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി ഇന്ത്യന്‍ റെയിൽവേ. സംഭവത്തിൽ ആർപിഎഫ് കേസെടുത്തു. നിർമാണപ്രവർത്തനങ്ങൾക്കായി അകത്തുമുറി സ്റ്റേഷന്‍റെ പ്ലാറ്റ്ഫോമിലേക്ക് പണിത താത്കാലിക റോഡ് അടയ്ക്കാതിരുന്നത് വീഴ്ചയായെന്നാണ് വിലയിരുത്തൽ. മദ്യലഹരിയിൽ കല്ലമ്പലം സ്വദേശി ഓടിച്ച ഓട്ടോറിക്ഷ ഇതുവഴിയാണ് പ്ലാറ്റ്ഫോമിലേക്കെത്തി ട്രാക്കിലേക്ക് മറിഞ്ഞത്. ഇയാളെ ആർപിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് പ്ലാറ്റ് ഫോമിൽ നിന്ന് മറിഞ്ഞ് ട്രാക്കിലേക്ക് വീണ ഓട്ടോയിൽ വന്ദേഭാരത് ഇടിച്ചത്. ട്രാക്കിൽ കിടന്ന ഓട്ടോറിക്ഷയിൽ വന്ദേഭാരത് ട്രെയിൻ വന്നിടിക്കുകയായിരുന്നു. വൻ ദുരന്തം ഒഴിവായത്. റെയിൽവേ തത്കാലത്തേക്കുണ്ടാക്കിയ റോഡിലൂടെയാണ് കല്ലമ്പലം സ്വദേശി സുധി ഓട്ടോറിക്ഷ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചുകയറ്റിയത്. പ്ലാറ്റ്ഫോം വീതികൂട്ടൽ നിർമാണ പ്രവർത്തനങ്ങൾക്ക് സാധനങ്ങളെത്തിക്കാനുണ്ടാക്കിയ വഴിയിലൂടെ കയറി. പിന്നാലെ ട്രാക്കിലേക്ക് മറിയുകയായിരുന്നു. പിന്നാലെയെത്തിയ വന്ദേഭാരത് ഓട്ടോയെ ഇടിച്ചു. അപകടത്തില്‍ ആളപായമില്ല. അപകടത്തെ തുടർന്ന് ഒന്നര മണിക്കൂറോളമാണ് റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ട്രാക്കിനും ട്രെയിനും തകരാറില്ല. ദക്ഷിണ റെയിൽവെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഓട്ടോ ഓടിച്ചയാൾക്കെതിരെ ആർപിഎഫ് കേസെടുത്തു. വഴി തെറ്റിയതാണെന്നാണ് ഇയാൾ മൊഴി നൽകിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam