
വർക്കല: ഒൻപത് വയസ്സുകാരനെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 70 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഒറ്റൂർ വില്ലേജിൽ ശ്രീനാരായണപുരം ദേശത്ത് ഞെക്കാട് ജെ.എസ് മന്ദിരത്തിൽ ജയൻ മകൻ ജയിനെ (28) ആണ് വർക്കല അതിവേഗ പോക്സോ കോടതി ജഡ്ജി സിനി എസ്ആർ ശിക്ഷിച്ചത്. കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടി യുകെജിയിൽ പഠിക്കുന്ന കാലം മുതൽ പീഡനത്തിനിരയായ കേസിലാണ് കോടതിയുടെ വിധി.
പോക്സോ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാനിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പോക്സോ നിയമം ആറാം വകുപ്പ് പ്രകാരം 50 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, 12-ാം വകുപ്പ് പ്രകാരം 3 വർഷം കഠിനതടവും 25,000 രൂപ പിഴയും, ഐ.പി.സി 377-ാം വകുപ്പ് പ്രകാരം 10 വർഷം കഠിനതടവും 50,000 രൂപ പിഴയും, ഐ.പി.സി 450-ാം വകുപ്പ് പ്രകാരം 7 വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ ഓരോ വർഷം വീതവും ആറ് മാസവും അധിക തടവ് അനുഭവിക്കണം.
പിഴത്തുകയിൽ നിന്ന് ഒരു ലക്ഷം രൂപ ഇരയായ ആൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ, കുട്ടിക്ക് കൂടുതൽ നഷ്ടപരിഹാരം നൽകുന്നതിനായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയോട് നിർദ്ദേശിച്ചും കോടതി ഉത്തരവായിട്ടുണ്ട്. കല്ലമ്പലം എസ്.ഐമാരായിരുന്ന വി.സി. വിനോദ്കുമാർ, രാജേഷ് എം. എന്നിവരാണ് സംഭവത്തിൽ കേസെടുത്തത്. തുടർന്ന് കല്ലമ്പലം പോലീസ് ഇൻസ്പെക്ടർമാരായിരുന്ന അനൂപ് ആർ. ചന്ദ്രൻ, ഫറോസ് ഐ. എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. ഹേമചന്ദ്രൻ നായർ ഹാജരായി. സി.പി.ഒ പ്രിയ ജി.വി പ്രോസിക്യൂഷന് സഹായിയായി പ്രവർത്തിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam