മലപ്പുറം ദേശീയപാത 66-ൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായും നശിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബം പുക കണ്ട് ഉടൻ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

മലപ്പുറം: ദേശീയപാത 66ല്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചു. കാറിലുണ്ടായിരുന്നവര്‍ ഉടൻ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ എ.ആര്‍ നഗര്‍ കൊളപ്പുറത്തിനും ചോലക്കലിനുമിടയിലായിരുന്നു സംഭവം.

ചെറുമുക്ക് ജീലാനി നഗര്‍ സ്വദേശി കോഴികാട്ടില്‍ കരീമിന്റെ കുടുംബാംഗങ്ങളാണ് കാറിലുണ്ടായിരുന്നത്. കരീമിന്റെ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മകനും മരുമകളും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോയി മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്. യാത്രയ്ക്കിടെ കാറിന്റെ പിന്‍ഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. അപകട സാധ്യത തിരിച്ചറിഞ്ഞ ഇവര്‍ ഉടന്‍ തന്നെ വാഹനം നിര്‍ത്തി പുറത്തേക്കിറങ്ങുകയായിരുന്നു.

യാത്രക്കാര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം കാറില്‍ തീ പടര്‍ന്നുപിടിച്ചു. തീ ആളിപ്പടര്‍ന്നതോടെ വാഹനം മുഴുവനായും അഗ്‌നിക്കിരയായി. ഇതുവഴി കടന്നുപോയ വാഹനയാത്രക്കാരും സമീപത്തെ നാട്ടുകാരും തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീയുടെ ശക്തി കാരണം ശ്രമം വിജയിച്ചില്ല. പിന്നീട് കാര്‍ പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നത് ആശ്വാകരമാണ്. തിരക്കേറിയ ദേശീയപാതയില്‍ വാഹനത്തിന് തീപിടിച്ചത് മറ്റു യാത്രക്കാരിലും ആശങ്കയുണ്ടാക്കി. കാറില്‍ നിന്ന് പുക ഉയര്‍ന്നത് യഥാസമയം ശ്രദ്ധയില്‍പ്പെട്ടതും യാത്രക്കാര്‍ വേഗത്തില്‍ പുറത്തിറങ്ങിയതുമാണ് വലിയൊരു അപകടം ഒഴിവാക്കിയത്. വാഹനത്തിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.