പത്തുവര്‍ഷം കാത്തുവെച്ച സത്യസന്ധത; ഒടുവില്‍ സ്വര്‍ണമോതിരം ഉടമയുടെ കൈകളില്‍

Published : Nov 21, 2026, 04:07 PM IST
gold

Synopsis

പത്തുവർഷം മുമ്പ് വിവാഹസൽക്കാരത്തിനിടെ വീണുകിട്ടിയ സ്വർണമോതിരം സുബൈദ എന്ന വീട്ടമ്മ ഉടമയെ കണ്ടെത്തി തിരികെ നൽകി. സാമൂഹികമാധ്യമങ്ങളുടെ സഹായത്തോടെയാണ് പത്തുവർഷത്തിന് ശേഷം യഥാർത്ഥ ഉടമയായ സനയെ കണ്ടെത്തിയത്. ഈ മാതൃകാപരമായ സത്യസന്ധതയ്ക്ക് നാടിന്റെ അഭിനന്ദനം ലഭിക്കുകയാണ്.

മലപ്പുറം: പത്തുവര്‍ഷം മുമ്പ് വിവാഹസല്‍ക്കാരത്തിനിടെ വീണുകിട്ടിയ സ്വര്‍ണമോതിരം ഉടമയെ കണ്ടെത്തി തിരികെ നല്‍കി മാതൃകയായി വീട്ടമ്മ. വേങ്ങൂര്‍ ഐലക്കര സ്വദേശിനി പാതിരമണ്ണ സുബൈദയാണ് നീണ്ട പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്വര്‍ണമോതിരം യഥാര്‍ഥ ഉടമയ്ക്ക് കൈമാറിയത്. കാലം എത്ര കഴിഞ്ഞിട്ടും മറ്റൊരാളുടെ സ്വത്ത് സ്വന്തമാക്കാതെ സൂക്ഷിച്ച സുബൈദയുടെ സത്യസന്ധതയ്ക്ക് നാടിന്റെ അഭിനന്ദനവും ലഭിക്കുകയാണ്.

പത്തുവര്‍ഷം മുമ്പ് മേലാറ്റൂര്‍ ചെമ്മാണിയോടുള്ള ഒരു ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹസല്‍ക്കാരത്തിനിടെയാണ് സുബൈദയ്ക്ക് സ്വര്‍ണമോതിരം ലഭിച്ചത്. അതിഥികളെല്ലാം മടങ്ങിയതിനുശേഷമാണ് ഓഡിറ്റോറിയത്തില്‍നിന്ന് മോതിരം വീണുകിട്ടിയത്. ഉടമയെ കണ്ടെത്തി തിരികെ നല്‍കണമെന്ന ആഗ്രഹത്തോടെ അന്നുതന്നെ അന്വേഷണം ആരംഭിച്ചെങ്കിലും ആരുടേതാണെന്ന് കണ്ടെത്താനായില്ല. പലരോടും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

എന്നെങ്കിലും ഉടമയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ മോതിരം ഇത്രയും കാലം സുരക്ഷിതമായി സൂക്ഷിക്കുകയായിരുന്നു സുബൈദ. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആ ശ്രമം ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായില്ല. ഒടുവില്‍ സാമൂഹികമാധ്യമങ്ങളുടെ സഹായത്തോടെ ഉടമയെ കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി സാമൂഹികമാധ്യമങ്ങളിലൂടെ മരണവാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന താമരത്ത് ഹംസുവിന്റെ സഹായം തേടി.

ഹംസു സാമൂഹികമാധ്യമങ്ങളിലൂടെ മോതിരത്തിന്റെ ഉടമയെ അന്വേഷിച്ച് സന്ദേശം പ്രചരിപ്പിച്ചു. ഈ സന്ദേശം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പത്തുവര്‍ഷമായി നഷ്ടപ്പെട്ട മോതിരം അന്വേഷിച്ചിരുന്ന ഉടമയ്ക്ക് പ്രതീക്ഷയായത്. കൊളപ്പറമ്പിലെ കൊളകാട്ടില്‍ ഹബീബയുടെ മകള്‍ സനയുടേതായിരുന്നു മോതിരമെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഉടമ താമരത്ത് ഹംസുവിനെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ സുബൈദ സനയ്ക്ക് മോതിരം കൈമാറി. പത്തുവര്‍ഷം മുമ്പ് നഷ്ടപ്പെട്ടുപോയ ആഭരണം തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു സന. സ്വന്തം ഉടമസ്ഥതയിലല്ലാത്ത ഒരു വസ്തു ഇത്രയും കാലം കാത്തുസൂക്ഷിച്ച് തിരികെ നല്‍കിയ സുബൈദയുടെ പ്രവൃത്തി നന്മയുടെയും സത്യസന്ധതയുടെയും മാതൃകയായി മാറുകയാണ്. കാലം മാറിയാലും മനുഷ്യനന്മയും സത്യസന്ധതയും കൈവിടരുതെന്ന സന്ദേശം കൂടിയാണ് ഈ സംഭവം നല്‍കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒൻപത് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ 28 കാരന് 70 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും, ശിക്ഷ വിധിച്ച് വർക്കല പോക്സോ കോടതി
ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് സമയോചിത ഇടപെടൽ