
തിരുവനന്തപുരം: വർക്കലയിൽ വിനോദ സഞ്ചാരികളായ യുവാക്കളെ മർദിച്ച് വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിച്ചു. തുടര്‍ന്ന് യുവാക്കളെ വിവസ്ത്രരാക്കി. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടവവെൺകുളം സ്വദേശിയായ ജാസിം മൻസിലിൽ ജാഷ് മോൻ(32) , വർക്കല ജനാർദ്ദനപുരം പാപനാശത്ത് പാറവിള വീട്ടിൽ വിഷ്ണു (31), മണമ്പൂർ തൊട്ടിക്കല്ല് നന്ദു( 29) എന്നിവരെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 11 ന് ഉച്ചയ്ക്ക് 1.30ന് കാപ്പിൽ ബീച്ചിൽ വെച്ചാണ് സംഭവം. ബീച്ചിലെത്തിയ വർക്കല ചെമ്മരുതി സ്വദേശികളായ ബിജോയിയും (19), നന്ദു (18) എന്നിവരാണ് ആക്രമണത്തിനിരയായത്. യുവാക്കളെ വഴിയിൽ തടഞ്ഞ് മൂന്നംഗ സംഘം മർദിക്കുകയും ബിയർ ബോട്ടിൽ പൊട്ടിച്ച് കഴുത്തിന് ചേർത്ത് പിടിച്ച് ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ച നടത്തുകയും ചെയ്തു.
തുടർന്നും യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയും നിർബന്ധപൂർവം വസ്ത്രങ്ങൾ അഴിച്ചു വാങ്ങി സമീപത്തുള്ള കായലിൽ വലിച്ചെറിയുകയും ചെയ്തു. യുവാക്കളിൽ നിന്ന് 45,000 രൂപ വില വരുന്ന മൊബൈൽ ഫോൺ, 7500 രൂപ വില വരുന്ന ഹെൽമറ്റ്, 3000 രൂപ വിലവരുന്ന ഷൂസ് , 1400 രൂപയും മറ്റു രേഖകളുമടങ്ങിയ പഴ്സ് എന്നിവയാണ് അക്രമികൾ ഭീഷണിപ്പെടുത്തി കൈയ്ക്കലാക്കിയത്. അയിരൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam