
വട്ടവട: റീ പോസ്റ്റ്‌മോർട്ടത്തിനായി കുഴിയിൽ നിന്നും പുറത്തെടുത്ത നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലി തർക്കം. മൃതദേഹം ഗ്രാമത്തിൽ മറവുചെയ്യുന്നതിനെതിരെ നാട്ടുകാർ രംഗത്തെത്തി.
വട്ടവടയിൽ മരണപ്പെട്ട 27 ദിവസം പ്രായമായ നവജാത ശിശുവിന്റെ മൃതദേഹം വീണ്ടും സംസ്‌കരിക്കുന്നതിനെ ചൊല്ലിയാണ് തർക്കം. ആദിവാസി വിഭാഗത്തില്‍ മന്നാടിയാര്‍ കുടുംബത്തിലെ അംഗമാണ് മരണപ്പെട്ട കുട്ടിയെന്നും മന്നാടിയാര്‍ വിഭാഗത്തിന്റെ വിശ്വാസമനുസരിച്ച് ഒരിക്കല്‍ ആചാരപ്രകാരം മറവു ചെയ്ത മൃതദേഹം പുറത്തെടുക്കുന്നത് അനുവദനീയമല്ലെന്നുമാണ് മൂപ്പന്‍മാരും ഗോത്രത്തലവന്‍മാരും പറയുന്നത്.
മൃതദേഹം പുറത്തെടുത്തത് തന്നെ തങ്ങളുടെ ആചാരത്തിന്റെ ലംഘനമാണെന്നും എന്നാൽ നിയമം പാലിക്കുകയാണ് തങ്ങൾ ചെയ്‌തതെന്നും ഇവർ പറഞ്ഞു. സത്യാവസ്ഥ പുറത്തുവരുന്നതിനാണ് നിയമം അനുസരിച്ചതെന്നും ഇവർ വ്യക്തമാക്കി. എന്നാൽ ഈ മൃതദേഹം ഇനി ഗ്രാമത്തിൽ സംസ്‌കരിക്കാൻ സാധിക്കില്ലെന്നും അത് തങ്ങളുടെ ആചാരത്തിന്റെ ലംഘനമാണെന്നും ഇവർ പറയുന്നു.
മൃതദേഹം വീണ്ടും ഗ്രാമത്തിലെത്തിച്ച് മറവുചെയ്യാൻ നാട്ടുകാർ അനുവദിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാമരാജും പറഞ്ഞു. ശാസ്ത്രീയ പരിശോധനകൾക്കു ശേഷം കുട്ടിയുടെ മൃതദേഹം പരാതിക്കാരനായ പിതാവ് ഗ്രാമത്തിന് പുറത്ത് മറവുചെയ്യുന്നതിൽ ഇവർക്ക് എതിർപ്പില്ലെന്നും, കാര്യങ്ങൾ പോലീസിനെ ധരിപ്പിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam