
തിരുവനന്തപുരം: വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വട്ടിയൂർക്കാവ് പൊലീസിനെതിരെ ബിജെപി നടത്തിയ സമരത്തിനിടെ നേതാക്കൾക്കെതിരെ ശബ്ദമുയർത്തി വയോധിക. വഴയടച്ച് സമരം ചെയ്യുന്നതിന് എന്തിനാണെന്നും വഴിതടഞ്ഞാൽ തങ്ങൾക്ക് എങ്ങനെ വീട്ടിൽ പോകാൻ സാധിക്കുമെന്നും വഴിയാത്രക്കാരിയായ സരസ്വതിയമ്മ ചോദിച്ചു. വൈകി നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച കരമന അജിത്തിൻ്റെ പ്രസംഗത്തിനിടെ കൈയ്യിൽ കയറിപ്പിടിച്ചായിരുന്നു അവർ ഇടപെട്ടത്. പ്രസംഗം തടസപ്പെട്ടതോടെ അജിത് വയോധികയെ മാറ്റാൻ നിർദ്ദേശിച്ചു.
മാധ്യമങ്ങളും നാട്ടുകാരും ശ്രദ്ധിച്ചതോടെ ഒപ്പമുണ്ടായ ബിജെപി കൗൺസിലർമാർ സരസ്വതിയമ്മയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഒടുവിൽ ബിജെപി നേതാവ് പെട്ടെന്ന് ഉദ്ഘാടനം ചെയ്ത് സമരം അവസാനിപ്പിക്കുകയായിരുന്നു. വധശ്രമക്കേസിൽ ഒളിവിലായിരുന്ന തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. ഒരു മാസത്തിലേറെ ഒളിവിലായിരുന്ന സുഗതൻ ചൊവ്വ രാത്രി പത്തോടെ വാഴോട്ടുകോണത്തെ വീട്ടിൽ എത്തിയത് അറിഞ്ഞ വട്ടിയൂർക്കാവ് എസ്‌എച്ച്‌ഒ വിപിന്റെ നേതൃത്വത്തിലുള്ള സംഘം ആകാശത്തേക്ക് വെടി ഉതിർത്താണ് ഇയാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്.
സുഗതെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ഇന്നലെ വൈകിട്ട് ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ വട്ടിയൂർക്കാവ് പൊലീസിനെതിരെ പ്രതിഷേധിച്ചത്. ബിജെപി നേതാക്കളും അണികളും പ്രതിഷേധ പരിപാടിക്കെത്തിയതോടെ വട്ടിയൂർക്കാവ് ജംഗ്ഷനിൽ വീണ്ട ഗതാഗതകുരുക്ക് ഉണ്ടായി. പരിപാടി നടക്കാൻ വൈകിയതോടെ പൊലീസും റോഡ് നിയന്ത്രിച്ചു. ബ്ലോക്ക് കൂടിയതോടെ നാട്ടുകാർക്കും വലിയ എതിർപ്പുണ്ടായി. ഇതാണ് ഒടുവിൽ സരസ്വതിയമ്മയുടെ വാക്കുകളിലൂടെ പ്രതിഫലിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam