വിളകള്‍ വിറ്റഴിക്കാനാകാതെ മറയൂരിലെ കർഷകർ; പാടത്ത് പച്ചക്കറികൾ ചീഞ്ഞളിയുന്നു

By Web TeamFirst Published Jan 30, 2019, 12:50 PM IST
Highlights

കൃഷിയിറക്കിയിരിക്കുന്ന കാബേജ്, കാരറ്റ് തുടങ്ങിയവ വിളവെടുക്കാത്തതു മൂലം പാടത്ത് കിടന്ന് ചീഞ്ഞ് നശിക്കുകയാണ്.

 മറയൂർ: വിളകള്‍ വിറ്റഴിക്കാന്‍ കഴിയാതെ മറയൂർ കാന്തല്ലൂരിലെ കര്‍ഷകര്‍. ഇവിടങ്ങളില്‍ കൃഷിയിറക്കിയിരിക്കുന്ന കാബേജ്, കാരറ്റ് തുടങ്ങിയ ശീതകാല പച്ചക്കറികൾ വിളവെടുക്കാത്തത് മൂലം പാടത്ത് കിടന്ന് ചീഞ്ഞ് നശിക്കുകയാണ്. സർക്കാർ ഏജൻസികൾ പച്ചക്കറികൾ വേണ്ട രീതിയിൽ സംഭരിക്കാത്തതും സംഭരിച്ചവയുടെ തുക നൽകാത്തതുമാണ് കാരണമായി പറയുന്നത്.

കാന്തല്ലൂർ, പുത്തൂര്‍, പെരുമല തുടങ്ങിയ പ്രദേശങ്ങളിലെ ശീതകാല പച്ചക്കറി കര്‍ഷകരാണ് വിളകള്‍ വിറ്റഴിക്കാന്‍ കഴിയാതെ വലയുന്നത്. ഇവ സംഭരിക്കുകയും വിറ്റഴിക്കുകയും ചെയ്യേണ്ട വി എഫ് പി സി കെയുടെയും ഹോര്‍ട്ടികോര്‍പ്പിന്‍റേയും പ്രവർത്തനങ്ങളിലെ പാളിച്ചയാണ് ഈ ദുസ്ഥിതിക്കു കാരണമായി കർഷകർ പറയുന്നത്.

വി എഫ് പി സി കെ കര്‍ഷകരില്‍ നിന്നും ഭാഗികമായി മാത്രമാണ് പച്ചക്കറികള്‍ സംഭരിക്കുന്നത്. ശേഷിക്കുന്നവ അടുത്ത ആഴ്ചകളില്‍ വാങ്ങാമെന്നറിയിച്ച് മടങ്ങുകയാണ് പതിവ്. ഈ ഇടവേളകളാണ് കൃഷി നാശത്തിന് ഇടയാക്കുന്നത്. 

പ്രദേശത്ത് ധാരാളമായുളള പച്ചക്കറികൾ മുഴുവനും ഒരേ സമയം വിപണനം ചെയ്യുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുളളതായാണ് ഹോര്‍ട്ടികോര്‍പ്പ് അധികൃതര്‍ പറയുന്നത്. കര്‍ഷര്‍ക്ക് നല്‍കാനുള്ള തുക മുഴുവൻ കൊടുത്തു തീർക്കാൻ ഉടന്‍ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. 
 

click me!