
കല്‍പ്പറ്റ: വാഹനപരിശോധനയ്ക്കിടെ പൊലീസിനുനേരെ കൈയേറ്റശ്രമം നടത്തിയെന്ന കേസില്‍ യുവാവിനെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു. നീര്‍വാരം സ്വദേശി വെട്ടുപാറപ്പുറത്ത് ശ്രീജിത്ത് (42) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
നീര്‍വാരം പുഞ്ചവയല്‍ ഭാഗത്ത് വാഹനപരിശോധന നടത്തുകയായിരുന്നു പനമരം പൊലീസ്. ഈ സമയം ഇതുവഴി സഹോദരന്‍ രഞ്ജിത്തിനോടൊപ്പം ബൈക്കില്‍ വന്ന ശ്രീജിത്തിനോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇതിന് തയ്യാറാവാതെ ഓടിച്ചുപോയെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന് ഇവരുടെ വീടിന് മുമ്പിലെത്തിയെങ്കിലും പൊലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് പരാതി. രണ്ടുപേരും ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
സംഭവത്തില്‍ പൊലീസുകാരന് പരിക്കേറ്റതായും പരാതിയിൽ പറയുന്നു. വലതുകൈയുടെ പെരുവിരലിന് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ ചികിത്സതേടിയിരുന്നു. പിന്നീട് പനമരം പൊലീസ് ഇരുവരുടെയും പേരില്‍ കേസ് രജിസ്റ്റര്‍ചെയ്തു. ഇന്നലെ തന്നെ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും രജ്ഞിത്തിനെ പിടികൂടാനായില്ല. ഇരുവരും ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് നല്‍കുന്ന വിവരം.
പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസ്; പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും
അതേസമയം കോഴിക്കോട് നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത പ്രണായാഭ്യർത്ഥന നിരസിച്ച യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും വിധിച്ചു എന്നതാണ്. കോഴിക്കോട് കരിവിശ്ശേരി സ്വദേശി മുകേഷിനെയാണ് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴത്തുകയായ അമ്പതിനായിരം രൂപ പരാതിക്കാരിക്ക് നൽകണം എന്നാണ് കോടതി വിധി.
2018 മെയ് 10 നാണ് ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കരുവിശ്ശേരി സ്വദേശിനിയായ യുവതി വീട്ടിൽ നിന്ന് ട്യൂഷൻ സെന്‍ററിലേക്ക് പോകും വഴിയായിരുന്നു ആക്രമണം. യുവതിയുടെ ഇരുചക്രവാഹനം തടഞ്ഞുനിർത്തി മുകേഷ് കുപ്പി കൊണ്ട് തലയ്ക്കടിച്ചു. പൊട്ടിയ കുപ്പികൊണ്ട് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു. പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് ആക്രമിച്ചതെന്ന് മുകേഷ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ മുകേഷ് രണ്ട് മാസത്തിന് ശേഷം കോടതിയിൽ കീഴടങ്ങി. വധശ്രമം, മാരകമായി പരിക്കേൽപ്പിൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. ഓരോ വകുപ്പുകളിലും പ്രത്യേകം ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് പത്ത് വർഷം അനുഭവിച്ചാൽ മതി.