
ആലപ്പുഴ: കൊമ്മാടിയിൽ സാനിറ്റൈസർ കയറ്റി വന്ന ഗുഡ്സ് ട്രാവലർ കനാലിലേക്ക് മറിഞ്ഞു. സംഭവത്തിൽ ഡ്രൈവറും സഹായിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അരൂർ ആറാം വാർഡിൽ ചക്കാലയ്ക്കൽ ബൈജു (32), തൃപ്പൂണിത്തുറ ഏരൂർ രേവതി ഭവനിൽ വിനീത് (31) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് രാത്രി എട്ടോടെയായിരുന്നു അപകടം. കൊല്ലത്ത് നിന്ന് സാനിറ്റൈസറുമായി അരൂരിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മട്ടാഞ്ചേരി പാലത്തിനും പോപ്പി പാലത്തിനും ഇടയിലായിട്ടായിരുന്നു അപകടം. പ്രദേശത്ത് കനാൽ നവീകരണവും പുതിയ പാലം നിർമ്മാണവും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി റോഡിൽ കൂട്ടിയിരുന്ന മണൽ കൂനയിൽ തട്ടി വാഹനം കനാലിലേക്ക് വീഴുകയായിരുന്നു.
കനാലിൻ്റെ നടുവിലേക്ക് വീണ വാഹനം പൂർണമായി മുങ്ങിയ നിലയിലാണ്. പ്രദേശത്ത് വെളിച്ച കുറവുള്ളതിനാൽ മണൽകൂന ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. സമീപവാസി കൊമരോത്ത് ഹൗസിൽ സെബാസ്റ്റ്യന്റെ സമയോചിത ഇടപെടലിനെ തുടർന്നാണ് വാഹനത്തിലുള്ളവരെ രക്ഷിക്കാനായത്. അപകടത്തിന്റെ ശബ്ദം കേട്ട് പുറത്തിയറങ്ങിയ ഉടൻ തന്നെ ഇയാൾ കനാലിൽ ചാടി വാഹനത്തിന്റെ ഡോർ തുറക്കുകയായിരുന്നു.
തുടർന്ന് ഡ്രൈവർ നീന്തി കരക്കെത്തി. നീന്തൽ അറിയാത്ത സഹായിയെ സെബാസ്റ്റ്യൻ വാഹനത്തിന്റെ മുകളിൽ കയറ്റി ഇരുത്തുകയായിരുന്നു, അഗ്നിരക്ഷാ സേനയെത്തിയാണ് ഇയാളെ കരയ്ക്കെത്തിച്ചത്. കനാലിൽ നിന്ന് വാഹനം കരയ്ക്കെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam