കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ 3203 പേര്‍ നിരീക്ഷണത്തില്‍; പ്രവാസികൾ 164

By Web TeamFirst Published May 11, 2020, 9:19 PM IST
Highlights

പുതുതായി വന്ന 34 പേര്‍ ഉള്‍പ്പെടെ ആകെ 164 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 75 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററിലും 89 പേര്‍ വീടുകളിലും ആണ്. 

കോഴിക്കോട്: ജില്ലയില്‍ പുതുതായി വന്ന 267 പേര്‍ ഉള്‍പ്പെടെ ഇപ്പോള്‍ 3203 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതുവരെ 23,070 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് വന്ന 11 പേര്‍ ഉള്‍പ്പെടെ 24 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. 9 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

പുതുതായി വന്ന 34 പേര്‍ ഉള്‍പ്പെടെ ആകെ 164 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 75 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററിലും 89 പേര്‍ വീടുകളിലും ആണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ള 89 പേരില്‍ 27 പേര്‍ ഗര്‍ഭിണികളാണ്. 
  
ഇന്ന് 26 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2411 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2273 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2242 എണ്ണം നെഗറ്റീവ് ആണ്. 138 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.  
 
ഇതര രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ നാട്ടിലേക്ക് തിരിച്ചു വരുന്ന സാഹചര്യത്തില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ആശുപത്രികള്‍ സജ്ജമാക്കുന്നതിനെക്കുറിച്ച് കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിന് എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ ജില്ലാ കളക്ടര്‍ സാംബശിവറാവു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി., ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍. എ., മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. സജീത് കുമാര്‍, ഐ.എം.സി.എച്ച്. സൂപ്രണ്ട് ഡോ. ശ്രീകുമാര്‍, സ്വകാര്യ ആശുപത്രി അസോസിയേഷന്‍ പ്രതിനിധി, ഐ.എം.എ. പ്രതിനിധി എന്നിവര്‍ പങ്കെടുത്തു.  

ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. 

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 6 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. കൂടാതെ 150 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. 2122 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 4308 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

click me!