
ആലപ്പുഴ: പെർമിറ്റ് അടക്കം മുഴുവൻ രേഖകളും ഉണ്ടായിട്ടും ഓട്ടോറിക്ഷാ (Auto Rickshaw) തൊഴിലാളിക്ക്, തൊഴിൽ നിഷേധിച്ച് സിഐടിയു(CITU). ആലപ്പുഴ കലവൂർ സ്വദേശി അനിൽകുമാറിന് (Anil Kumar) നീതി കിട്ടാൻ പൊലീസും മോട്ടോർ വാഹനവകുപ്പും ഇടപെട്ടെങ്കിലും സിഐടിയു വഴങ്ങിയിട്ടില്ല. രണ്ടര വർഷമായി നേതാക്കൾക്ക് പിന്നാലെ നടന്നിട്ടും ഓട്ടോറിക്ഷാ, സ്റ്റാൻഡിൽ കയറ്റാൻ പോലും അനുവദിക്കുന്നില്ലെന്നാണ് അനിൽകുമാർ പറയുന്നത്.
മറ്റ് ഓട്ടോ തൊഴിലാളികളെ പോലെ അനിൽകുമാറും രാവിലെ തന്നെ വാഹനവുമായി കലവൂർ ജംഗ്ഷനിലെത്തും. പക്ഷെ ഓട്ടോ ദൂരെ മാറ്റി ഇടുകയല്ലാതെ മറ്റ് വഴിയില്ല. സ്റ്റാൻഡിൽ കിടന്ന് ഓട്ടം പിടിക്കാൻ സിഐടിയു അനുവദിക്കുന്നില്ലെന്നാണ് പരാതി. മോട്ടോർ വാഹനവകുപ്പ് പോലും പറയാത്ത നിബന്ധനയാണ് മുന്നോട്ട് വയ്ക്കുന്നത്.
സ്റ്റാൻഡിൽ കയറാൻ രണ്ടരവർഷമായി അനുവാദം ചോദിച്ച് നടക്കുകയാണെന്ന് അനിൽ പറയുന്നു. തൊഴിൽ നിഷേധം ചൂണ്ടിക്കാട്ടി മോട്ടോർ വാഹനവകുപ്പിന് അടക്കം കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പ്രശ്നം പരിഹരിക്കാൻ മണ്ണഞ്ചേരി സിഐ യുടെ നേതൃത്വത്തിൽ ഇന്നലെ വിളിച്ച ചർച്ചയിലും സിഐടിയു നേതാക്കൾ പങ്കെടുത്തില്ല. കലവൂർ സ്റ്റാൻഡിൽ ഉൾക്കൊള്ളാവുന്നതിൽ കൂടുതൽ ഓട്ടോറിക്ഷകൾ ഉണ്ടെന്നും ദേശീയപാത വികസനം തീരാതെ പുതിയ ഒരാളെ അനുവദിക്കാൻ കഴിയില്ലെന്നുമാണ് സിഐടിയു വിശദീകരിക്കുന്നത്.