
കൊച്ചി: ഓട്ടോറിക്ഷയിലെത്തി വാഹനങ്ങള്‍ കടത്തിക്കൊണ്ട് പോയി ആക്രി വിലയ്ക്ക് വില്പന നടത്തുന്ന മൂവര്‍ സംഘം പിടിയിൽ. ചേര്‍ത്തല, അരൂക്കുറ്റി ഫാത്തിമ മന്‍സിലില്‍ ജഫീല്‍ മുഹമ്മദ് (30), ഫോര്‍ട്ട്കൊച്ചി, ഇരവേലി കോളനി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ റെനീഷ്.പി.എ (36), കൊല്ലം, വളത്തുങ്കല്‍ വാവഴികത്ത് വീട്ടില്‍ വിജയകുമാര്‍ (38) എന്നിവരെയാണ് എറണാകുളം ടൗണ്‍ സെന്‍ട്രല്‍ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. നവംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എറണാകുളം ജില്ലാ കോടതിയുടെ എതിര്‍വശം പാര്‍ക്ക് ചെയ്തിരുന്ന ഏകദേശം 25,000 രൂപ വിലവരുന്ന കെ.എല്‍-06-എഫ്-5915 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ഗ്രേ നിറത്തിലുള്ള ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍ മോഷണം പോയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉടമ എറണാകുളം ടൗണ്‍ സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, സെന്‍ട്രല്‍ സബ് ഡിവിഷന്‍ അസി. കമ്മീഷ്ണര്‍ രാജ്കുമാറിന്റെ നിര്‍ദ്ദേശാനുസരണം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിക്കുകയും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഓട്ടോറിക്ഷയിലെത്തി വാഹനങ്ങള്‍ കടത്തികൊണ്ടു പോകുന്ന മൂവര്‍ സംഘത്തെക്കുറിച്ച് സൂചന ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണ സംഘത്തിന്റെ നീക്കത്തിലാണ് പ്രതികള്‍ എറണാകുളം ബോട്ട്ജെട്ടി പരിസരത്തു നിന്നും പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രതികളെ ടൗണ്‍ സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ഒന്നാം പ്രതിയായ ജഫീല്‍ മുഹമ്മദ് നിരവധി മയക്കുമരുന്ന് കേസുകളിലും രണ്ടാം പ്രതിയായ വിജയകുമാര്‍ വധ ശ്രമം ഉള്‍പ്പെടെയുള്ള കേസുകളിലും പ്രതിയാണെന്ന് എറണാകുളം ടൗണ്‍ സെന്‍ട്രല്‍ പൊലീസ് അറിയിച്ചു. സബ് ഇന്‍സ്‌പെക്ടര്‍മാരായ അനൂപ്.സി, മുഹമ്മദ് മുബാറക്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്‍, ഹരീഷ് ബാബു, പ്രശാന്ത് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam