തുമ്പ് പിടിച്ച് 'പൊളി മാര്‍ക്കറ്റിൽ' എത്തി നിന്ന അന്വേഷണം; കുപ്രസിദ്ധ മോഷണ സംഘം ഒടുവിൽ വലയിൽ

By Web TeamFirst Published Mar 19, 2023, 9:36 PM IST
Highlights

കഴിഞ്ഞ 11 ന്  കോഴിക്കോട് സരോവരം ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ ഓട്ടോ മോഷണം പോയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

കോഴിക്കോട്: മോഷ്ടിക്കുന്ന വാഹനങ്ങള്‍ നിമിഷ നേരത്തിനുള്ളില്‍ പൊളിച്ച് പാട്‌സുകളാക്കി മാറ്റുന്ന കുപ്രസിദ്ധ വാഹന മോഷണ സംഘം പിടിയില്‍. വെള്ളയില്‍ ജോസഫ് റോഡിലെ കളിയാട്ട് പറമ്പ് കെ പി ഇക്ബാല്‍ (54), ചെങ്ങോട്ട്കാവ്, പാവര്‍ വയലില്‍ കെ വി യൂനസ് (38) ചെങ്കോട്ട് കാവ് കൊടക്കാടന്‍ കുനിയില്‍ കെ കെ  മണി (42) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 11 ന്  കോഴിക്കോട് സരോവരം ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ ഓട്ടോ മോഷണം പോയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷിന്റെ നേതൃത്യത്തില്‍ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും പിന്നീട് കോഴിക്കോട് നഗരത്തില്‍ വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുന്ന പൊളി മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലുമാണ് പ്രതികള്‍ വലയിലായത്. യൂനസും മണിയും ചേര്‍ന്നാണ് ഓട്ടോ മോഷ്ടിച്ചത്. മോഷ്ടിച്ച ഓട്ടോ ഇക്ബാലിന്റെ അടുത്താണ് പൊളിക്കാനായി എത്തിച്ചത്. പ്രതികള്‍ സമാനമായ രീതിയില്‍ നിരവധി മോഷണങ്ങള്‍ നടത്തിയതായാണ് പൊലീസിന് ലഭിച്ച സൂചന.

ഇക്കാര്യം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിനു മോഹന്‍, ബാബു പുതുശ്ശേരി, എന്‍ പവിത്ര കുമാര്‍ , സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എം വി ശ്രീകാന്ത്, സി ഹരീഷ് കുമാര്‍ , ബബിത്ത് കുറി മണ്ണില്‍, വി സന്ദീപ് ,ഷിജിത്ത് നായര്‍ കുഴി, കെ ടി വന്ദന എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. യൂനസ് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതിയാണ്.

സുരക്ഷ പോലും നോക്കാതെ ജലാറ്റിന്‍ സ്റ്റിക്കുകള്‍, ഫ്യൂസ് വയറുകള്‍ അടക്കം ക്വാര്‍ട്ടേഴ്സില്‍; ഒരാള്‍ അറസ്റ്റില്‍

tags
click me!